03 August Monday

3000 കിലോ പഴകിയ മീൻ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 മണർകാട് 

ചന്തയിലേക്ക്‌ കൊണ്ടുവന്ന 3000 കിലോ പഴകിയ മീൻ പൊലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചു. വിശാഖപട്ടണത്തുനിന്ന്‌ കോട്ടയം, ഈരാറ്റുപേട്ട തുടങ്ങിയ ചന്തയിലേക്ക്‌  ലോറിയിലെത്തിച്ച മീനാണ് പിടികൂടിയത്.
ഏറ്റുമാനൂർ മാർക്കറ്റ് അടച്ചിരിക്കുന്നതിനാൽ മണർകാട് ഐരാറ്റുനടയിൽ മറ്റു വാഹനത്തിലേക്ക് ഇവ മാറ്റുകയായിരുന്നു. വാഹനത്തിൽ നിന്ന്‌ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ചീഞ്ഞ മീൻ കണ്ടെത്തിയത്‌. ഉടൻ മണർകാട് പൊലീസിൽ വിവരമറിയിച്ചു. എസ് ഐ വർഗീസ് എബ്രാഹവും സംഘവും സ്ഥലത്തെത്തി വാഹനം പരിശോധിച്ചശേഷം ഭക്ഷ്യസുരക്ഷാ അധികൃതരെ വിവരമറിയിച്ചു.  ഷെറിൻ സാറാ ജോർജ്(പുതപ്പള്ളി), നിമ്മി അഗസ്റ്റിൻ(കടുത്തരുത്തി) വിജയപുരം ഹെൽത്ത് ഇൻസ്പെക്ടർ പ്രീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മീൻ പഴകിയതാണെന്ന്‌ കണ്ടെത്തി. 
വലുതും ചെറുതുമായ പലതരം മീനുകളാണുണ്ടായിരുന്നത്‌.  നിബന്ധനകൾ പാലിച്ചുള്ള വാഹനത്തിലല്ല മീൻ കൊണ്ടുവന്നത്. ഐസും ഉപയോഗിച്ചിരുന്നില്ല. വിജയപുരം പഞ്ചായത്ത് വകയായ ആനത്താനത്തുള്ള സ്ഥലത്ത് ഇവ കുഴിച്ചുമൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അസി. കമീഷണർക്ക് റിപ്പോർട്ട് നൽകുമെന്ന്‌  ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top