25 September Friday

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിച്ച്‌ കട്ടപ്പന നഗരസഭ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
 കട്ടപ്പന 
കട്ടപ്പനയിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിച്ച്ഭരണസമിതി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ അട്ടിമറിക്കാനാണ്‌ നഗരസഭ ഭരണസമിതി ശ്രമിക്കുന്നത്‌. കൂടാതെ നിരീക്ഷണത്തിലും ആശുപത്രികളിലും കഴിയുന്ന രോഗികളെ സർക്കാരിനെതിരെ തിരിക്കാനുള്ള പ്രവർത്തനവും നടത്തുന്നു. നിർദേശങ്ങൾ നടപ്പാക്കാൻ കഴിയാത്തതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ ഇത്തരം ശ്രമങ്ങൾ. കോവിഡുമായ ബന്ധപ്പെട്ട്‌ ജാഗ്രതാ സമിതികൾപോലും വിളിച്ചു ചേർത്തിട്ടില്ല. എല്ലാ വാർഡുകളിലും ജാഗ്രതാസമിതികൾ വിളിക്കണമെന്ന നിർദേശം എൽഡിഎഫ്‌ വാർഡുകളിൽ മാത്രമായി ചുരുങ്ങി. യുഡിഎഫ്‌ അംഗങ്ങളുടെ വാർഡുകളിൽ ജാഗ്രതാസമിതി വിളിച്ചിട്ടില്ല.
 കോവിഡുമായി ബന്ധപ്പെട്ട്‌ പ്രത്യേക കൗൺസിൽ യോഗം ചേർന്ന്‌ പദ്ധതികൾ ആസൂത്രണംചെയ്യണമെന്ന്‌ നിർദേശമുണ്ടെങ്കിലും നടപ്പായില്ല. ജനകീയ ഹോട്ടലുകൾ തുടങ്ങണമെന്നതും ചെയർമാൻ അട്ടിമറിച്ചു. തുടർന്ന്‌ സിഡിഎസ്‌– കുടുംബശ്രീ നേതൃത്വത്തിലാണ്‌ ജനകീയ ഹോട്ടൽ ആരംഭിച്ചത്‌. പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നഗരസഭയിൽ സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയിതിട്ടുണ്ട്‌. എന്നാൽ, ഇവരെ വിളിച്ചുകൂട്ടുകയോ ചുമതല നൽകുകയോ ചെയ്‌തിട്ടില്ല. കോവിഡിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ ഭരണസമിതി രാഷ്ട്രീയവൽക്കരിക്കുകയാണ്‌. കട്ടപ്പനയിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ രോഗികൾക്ക് ഭക്ഷണം നൽകാനുള്ള ചുമതല കുടുംബശ്രീയെ എൽപ്പിച്ച്‌ തടിതപ്പാനാണ്‌ ഭരണസമിതിയും ചെയർമാനും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഭക്ഷണം കുടുംബശ്രീ നൽകുന്നുണ്ടെങ്കിലും മതിയായ തുകപോലും ഇവർക്ക്‌ ലഭിക്കുന്നില്ല. അഞ്ചുനേരത്തെ ഭക്ഷണത്തിന്‌ 196 രൂപയാണ്‌ നൽകുന്നത്‌. പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭാ ആരോഗ്യവിഭാഗം ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇതിന്റെ മറവിൽ പിരിവെടുപ്പാണ്‌ നടത്തുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. താൽപ്പര്യമുള്ള കച്ചവടക്കാരെ ഒഴിവാക്കി ചില സ്ഥാപനങ്ങളിൽ മാത്രം നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നതായും ആക്ഷേപവുമുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top