20 September Friday

ലഹരി പുതിയ രൂപങ്ങളിൽ; പ്രതിരോധമുയർത്തി കൗമാരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
നെടുങ്കണ്ടം
ലഹരി പുതിയ രൂപങ്ങളിൽ സ്‌കൂളുകളിലും ക്യാമ്പസുകളിലും കടന്നുകയറുമ്പോൾ പ്രതിരോധമുയർത്തി കൗമാരം. ‘വി ഡോണ്ട് യൂസ് ഡ്രഗ്സ്’ എന്ന മുദ്രാവാക്യമുയർത്തി ന്യൂജൻ ലഹരിക്കെതിരെ കല്ലാർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ ആൺകുട്ടികളാണ്‌ പോർമുഖത്ത്‌. ബുക്കുകളിലും കൈവെള്ളയിലും ഒളിപ്പിക്കാവുന്ന എൽഎസ്‌ഡി, ഇടുക്കി ഗോൾഡ്‌, ലഹരി ഗുളികൾ എന്നിവയാണ്‌ പ്രധാനമായും മാഫിയ വിറ്റഴിക്കുന്നത്‌. 
എക്‌സൈസ്‌, പൊലീസ്‌ പരിശോധന വ്യാപകമായതോടെ പുകയില ഉൽപന്നങ്ങളായ ഹാൻസ്‌, പാൻപരാഗ്‌, ചൈനകെനി എന്നിവയുമായി നിരവധി പേർ പിടിയിലായി. പുകയില വിൽക്കുന്നവർക്കെതിരെയും നടപടി കർശനമാക്കിയതോടെയാണ്‌ സ്റ്റാമ്പ്‌ പോലെയുള്ള ഇത്തിരികുഞ്ഞൻ ലഹരിയുടെ രംഗപ്രവേശം. സ്‌റ്റാമ്പിന്റെ ആകൃതിയിലുള്ള എൽഎസ്‌ഡി(ലൈസർജിക്‌ അസിഡ്‌ ഡൈതലാമൈഡ്‌) ലഹരിയാണെന്ന്‌ അധ്യാപകർക്കും രക്ഷിതാക്കൾക്കും എളുപ്പം മനസ്സിലാവില്ല. ഇവ നാവിൽവച്ചാണ്‌ കൗമാരക്കാരും യുവാക്കളും ലഹരി നുണയുന്നത്‌. ജില്ലയിലെ ചില  വിദ്യാലയങ്ങളിൽ ക്ലാസുകളിൽ മയങ്ങിയിരിക്കുന്ന കുട്ടികളെ അധ്യാപകർ നിരീക്ഷിച്ചപ്പോഴാണ്‌ ലഹരിയുടെ ഉപയോഗം കണ്ടെത്തിയത്‌. ‘ഇടുക്കി ഗോൾഡ്‌’ എന്നുവിളിക്കുന്ന നീലച്ചടയൻ കഞ്ചാവും സുലഭമാണ്‌.
 ബംഗളൂരുവിൽനിന്നെത്തുന്ന ആംപ്യൂളുകളാണ്‌ കൗമാരക്കാരെ ഊരാക്കുടുക്കിലാക്കുന്ന മറ്റൊരു ലഹരി. എക്‌സൈസും പൊലീസും പരിശോധന വ്യാപകമാക്കിയോടെയാണ്‌ ലഹരിമാഫിയ മറുവഴികൾ തേടുന്നത്‌. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥി‐ യുവജനസംഘടനകളും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്‌. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന കല്ലാർ സ്കൂളിലാണ്‌ ആൺകുട്ടികൾക്കായി ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്‌  സംഘടിപ്പിച്ചത്. ലീഗൽ സർവീസ് സൊസൈറ്റി എക്സൈസ്‌ വകുപ്പുമായി ചേർന്ന്‌ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ശ്രീദേവി ഉദ്ഘാടനം ചെയ്തു. 
പിടിഎ പ്രസിഡന്റ് ടി എം ജോൺ അധ്യക്ഷനായി. ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി കോ ഓർഡിനേറ്റർ മഞ്ജു, കെ എം ഷാജി,  കെ ആർ ഉണ്ണികൃഷ്ണൻ നായർ, സുഹ്റ ബീവി, എൻ പ്രജിതാ, കെ ജി സുലോചന, അനീഷ് കുമാർ, അനൂപ് ജെ ആന്റണി എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി എസ് വിനീഷ്, സിവിൽ എക്സൈസ് ഓഫീസർ സോജി ദേവസ്യാ എന്നിവർ  ക്ലാസെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top