16 September Monday

നാടിളക്കി കാട്ടുപോത്ത്‌; ഒരാൾക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
അടിമാലി
അടിമാലി മച്ചിപ്ലാവിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ വനത്തിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് മച്ചിപ്ലാവ് പറക്കുടി ബിനോയി(47)യെ പോത്ത് ആക്രമിച്ചത്. ബുധനാഴ്ച പകൽ മൂന്നിനാണ് സംഭവം. പോത്തിനെ തുരത്താൻ വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്കൊപ്പം ശ്രമിക്കുന്നതിനിടയിൽ ബിനോയി കാൽവഴുതിപോത്തിന്റെ അടുത്ത്‌ വീഴുകയായിരുന്നു. കാലിന് പരിക്കേറ്റ ബിനോയിയെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് പറക്കുടി സിറ്റിയിലെ പുരയിടത്തിൽ പോത്തിറങ്ങിയത്. നാടൻ പോത്താണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ ആദ്യം ഗൗരവത്തിലെടുത്തില്ല. കാട്ടുപോത്താണെന്ന് തിരിച്ചഞ്ഞതോടെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. രാവിലെ വനത്തിനുള്ളിലേക്ക് തിരികെ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും പോത്ത് ആക്രമിച്ചതോടെ നാട്ടുകാർ പിന്തിരിഞ്ഞു. തുടർന്ന് ജനവാസ മേഖലയോട് ചേർന്നുള്ള വിജനമായ സ്ഥലത്ത് തമ്പടിക്കുകയായിയിരുന്നു.
രണ്ടു ദിവസങ്ങൾക്കുമുമ്പ് കുരങ്ങാട്ടിയിൽ ഇറങ്ങിയ പോത്ത് തന്നെയാണ് മച്ചിപ്ലാവിലുള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പ്‌ വിഭാഗമായ ആർആർടിയുടെ സഹായത്തോടെ പോത്തിനെ തിരികെ വനത്തിനുള്ളിലേക്ക്‌ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്‌. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ മയക്കുവെടി വച്ച് പോത്തിനെ പിടികൂടി വനത്തിനുള്ളിൽ തുറന്നുവിടാനും ആലോചനയുണ്ട്. ഫയർഫോഴ്‌സും പൊലീസും വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ സഹായത്തിനായുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top