15 December Sunday

ധീര ജവാന് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ്‌ ആക്രമണത്തിൽ വീരമൃത്യുവരിച്ച സാജുവിന് മന്ത്രി എം എം മണി വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു

 കട്ടപ്പന

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സാജുവിന് നാടിന്റെ യാത്രാമൊഴി. നാടിന്റെ വീരപുത്രനെ അവസാനമായി ഒന്ന‌ുകാണാൻ ആയിരങ്ങളാണ‌് പൊതുദർശനത്തിനുവച്ച കട്ടപ്പന ഗാന്ധി സ‌്ക്വയറിലും വെള്ളയാംകുടിയിലെ വസതിയിലുമെത്തിയത‌്. ജന്മനാടായ രാജാക്കാട് മുക്കുടിൽ നിന്നുൾപ്പെടെ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധിയാളുകൾ എത്തി. 
വിവിധ സാമൂഹിക സാംസ‌്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ത്രിതല പഞ്ചായത്ത‌് ജനപ്രതിനിധികൾ, മർച്ചന്റ്സ് അസോസിയേഷൻ, വിമുക്ത ഭടൻമാർ, എൻസിസി കേഡറ്റുകൾ, പൊലീസ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. 
 
 
കട്ടപ്പനയിലെ പൊതുദർശനത്തിനുശേഷം പകൽ പന്ത്രണ്ടോടെ മൃതദേഹം വെള്ളയാംകുടിയിലെ വസതിയിലെത്തിച്ചു. വീട്ടിലെ ചടങ്ങുകൾക്ക‌ുശേഷം പകൽ രണ്ടോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ദഹിപ്പിച്ചു. മൃതദേഹത്തിലെ ദേശീയ പതാക ഭാര്യ സുജയും കുടുംബാംഗങ്ങളും നിറകണ്ണുകളോടെ ഏറ്റുവാങ്ങി. മകൻ അജയ് സാജു ചിതയ‌്ക്ക് തീ കൊളുത്തി. 
ശനിയാഴ്ച രാത്രി പതിനൊന്നോടെ വെള്ളയാംകുടിയിലെ വസതിയിൽ എത്തിച്ച മൃതദേഹം സിആർപിഎഫ് സംഘത്തിൽനിന്ന് ജില്ലാ ഭരണകൂടത്തിനുവേണ്ടി ആർഡിഒ എം പി വിനോദ‌്‌ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. സിആർപിഎഫ് ബംഗളൂരു ഐജി ഗിരിപ്രസാദ്, ഡിഐജി മാത്യു എ ജോൺ, ഡെപ്യൂട്ടി കമാണ്ടന്റ‌് അജിത് പി ബാബു, കണ്ണൂർ ഡിഐജി എം ജെ വിജയൻ എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top