13 July Monday

മുഴങ്ങട്ടെ ഫസ്റ്റ്‌ബെൽ

സ്വന്തം ലേഖകൻUpdated: Monday Jun 1, 2020

 

തൊടുപുഴ
കോവിഡ്‌ പ്രതിസന്ധിക്കിടെ പുതിയ അധ്യയനവർഷത്തിന്‌ തുടക്കമാകുമ്പോൾ പൊതുവിദ്യാലയങ്ങളിലേക്ക്‌ വിദ്യാർഥികളുടെ ‘ഒഴുക്ക്‌’. പ്രധാനമായും അൺഎയ്‌ഡഡ്‌ മേഖലയോട്‌ വിടപറഞ്ഞാണ്‌ കൂടുതൽ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ ചേരുന്നത്‌. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാലയങ്ങൾ നേടിയെടുത്ത അഭൂതപൂർവ മാറ്റങ്ങൾ സമൂഹം സ്വാംശീകരിച്ചതിന്റെ തെളിവാണിത്‌. ഓൺലൈനിലും അല്ലാതെയും പ്രവേശന നടപടികൾ പുരോഗമിക്കുന്നു. ജില്ലയിൽ 70 കോടിയോളം രൂപ ചെലവിട്ടാണ്‌ പൊതുവിദ്യാലയങ്ങളിൽ പശ്ചാത്തലസൗകര്യം ഒരുക്കിയത്‌. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുകോടി മുതൽ മുടക്കിൽ സ്‌കൂൾകെട്ടിട നിർമാണം ലക്ഷ്യമിട്ടു. മൂന്നെണ്ണം പൂർത്തിയായി. കുഞ്ചിത്തണ്ണി ഗവ. എച്ച്‌എസ്‌എസ്‌, തൊടുപുഴ ഗവ. എച്ച്‌എസ്‌എസ്‌, അടിമാലി ഗവ. എച്ച്‌എസ്‌ എന്നിവയാണ്‌ പൂർത്തിയാക്കി അധികൃതർക്ക്‌ കൈമാറിയത്‌. കല്ലാർ ജി എച്ച്‌എസ്‌എസ്‌, മുരിക്കാട്ടുകുടി ജിടി എച്ച്‌എസ്‌എസ്‌, വണ്ടിപ്പെരിയാർ പിഎച്ച്‌എസ്‌എസ്‌, കുമളി ജിവി എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിൽ നിർമാണം അന്തിമഘട്ടത്തിലും. 
 ആയിരം കുട്ടികളിൽ കൂടുതൽ പഠിക്കുന്ന ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, രാജാക്കാട്‌ ജിവി എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലും അഞ്ചുകോടി വീതവും സർക്കാർ അനുവദിച്ചു. കൂടാതെ രണ്ടുവർഷമായി പ്ലാൻഫണ്ടിൽ തുക ലഭ്യമാക്കിയ 15 സ്‌കൂളുകളിലും കെട്ടിടനിർമാണം പൂർത്തിയാകുന്നു. ബജറ്റ്‌ പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിനും ആയിരത്തിനുമിടയിൽ വിദ്യാർഥികളുള്ള 12 സ്‌കൂളുകളിൽ ഒരുകോടി വീതവും സർക്കാർ ലഭ്യമാക്കി. ജില്ലയിലെ മുഴുവൻ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിലെയും ക്ലാസ്‌ മുറികൾ ഹൈടെക്ക്‌ സംവിധാനത്തിലായി. 380 പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക്ക്‌ ലാബുകളുമുണ്ട്‌.
 
പ്രധാന വാർത്തകൾ
 Top