12 July Sunday

പാഠം ഒന്ന്‌... ആരവമില്ലാതെ സ്‌കൂൾമുറ്റം

കെ എസ്‌ ഷൈജുUpdated: Monday Jun 1, 2020

 തൊടുപുഴ 

സ്‌കൂൾ തുറക്കാത്ത പുത്തൻ അധ്യയനവർഷത്തിന്‌ തിങ്കളാഴ്‌ച തുടക്കം. പുത്തനുടുപ്പ്‌ അണിയാതെ... കൈയിൽ പാഠപുസ്‌തകങ്ങളുമായി സ്‌കൂളിലെത്താതെ... കൂട്ടുകാരോടൊത്ത്‌ ഒന്നിച്ചിരിക്കാതെയൊരു പഠനം.‌ കോവിഡ്‌ കാലത്ത്‌ പഠനം നൂതന സാങ്കേതികവിദ്യയിലേക്ക്‌ വഴിമാറുകയാണ്‌. വീട്ടകങ്ങളിലെ ക്ലാസ്‌മുറി എങ്ങനെയാകുമെന്ന ജിജ്ഞാസയും കൗതുകവുമാണ്‌ വിദ്യാർഥികൾക്ക്‌. 
കോവിഡ്‌ 19 പശ്ചാത്തലത്തിൽ പുതിയ അധ്യയനവർഷം ഓൺലൈൻ പഠനത്തിലേക്ക്‌ വഴിമാറുമെന്ന്‌ ഉറപ്പായതോടെ സർക്കാർ വിപുലമായ സന്നാഹങ്ങളാണ്‌ ഒരുക്കിയത്‌. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട്‌ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ കോവിഡ്‌ കാലത്ത്‌ മുതൽക്കൂട്ടായി. സർക്കാർ സ്‌കൂളുകളെല്ലാം ഹൈടെക്‌ ആക്കിയതോടെ ഓൺലൈൻ പഠനസാമഗ്രികളുമായി. 
വിക്‌ടേഴ്‌സ്‌ ചാനലിലൂടെയാണ്‌ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലേക്കുള്ള ഓൺലൈൻ ക്ലാസുകൾ‌. ഫസ്‌റ്റ്‌ബെൽ എന്ന പേരിൽ ചാനലിലും ചാനലിന്റെ വെബ്‌സൈറ്റ്‌ വഴിയും തിങ്കളാഴ്‌ച മുതൽ ക്ലാസുകളിൽ പങ്കെടുക്കാം. ട്രയൽ റൺ അടിസ്ഥാനത്തിലുള്ളതാണ്‌ ആദ്യ ആഴ്‌ചത്തെ ക്ലാസ്‌.‌ യുപി വിഭാഗം വരെ ഒരുദിവസം‌ പരമാവധി അരമണിക്കൂറാണ്‌ ക്ലാസ്‌. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകാർക്ക്‌ ശനിയും ഞായറും ഉൾപ്പെടെ ക്ലാസുണ്ട്‌. 
ജില്ലയിൽ ടിവി, ഇന്റർനെറ്റ്‌ സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി വിദ്യാർഥികൾക്ക്‌ പഠനസൗകര്യം ഉറപ്പാക്കുന്നുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ എ ബിനുമോൻ പറഞ്ഞു. കർസമിതി ചേർന്ന്‌ വാർഡ്‌ അടിസ്ഥാനത്തിൽ ഓൺലൈൻ പഠനത്തിന്‌ അസൗകര്യങ്ങളുള്ള പ്രദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ടെത്തി. സമാന്തരമായി എസ്‌എസ്‌എയും സർവേ നടത്തി. 6,600 കുട്ടികൾക്ക്‌ ഓൺലൈൻ പഠനസൗകര്യത്തിന്റെ അപര്യാപ്‌തതയുണ്ടായിരുന്നു. ഇതിന്‌ പരിഹാര‌ം കാണുകയാണ്‌. കൂടുതൽ വിദ്യാർഥികളുണ്ടോയെന്ന് വീണ്ടുമൊരു പരിശോധന നടത്തുന്നു. 
സ്വന്തമായി മൊബൈൽ ഫോണോ ടിവിയോ ഇല്ലാത്ത കുട്ടികൾക്ക്‌ സമീപത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ പഠനസൗകര്യം ഉറപ്പാക്കും. വായനശാലകൾ, മറ്റ്‌ പൊതുഇടങ്ങൾ എന്നിവിടങ്ങളിലും പഠനസൗകര്യം ഏർപ്പെടുത്തും. പഞ്ചായത്ത്‌തലത്തിൽ വാർഡ്‌ അംഗങ്ങളുടെ സഹകരണത്തോടെ പഠനസൗകര്യങ്ങൾ ഉറപ്പാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സർക്കാർ ഉത്തരവ്‌‌ നൽകിയിട്ടുണ്ട്‌. 
ജില്ലയിൽ ഗോത്രമേഖലയിൽനിന്ന്‌ നിരവധി വിദ്യാർഥികളുണ്ട്‌. ഇവർക്ക്‌‌ എസ്‌സി എസ്‌ടി വകുപ്പ് ഇടപെട്ടാണ്‌ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുന്നത്‌. 
ആദിവാസി ഊരുകളിലും മറ്റും ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാകാത്ത ഇടങ്ങൾ എസ്‌എസ്‌എ സർവേയിലൂടെ കണ്ടെത്തിയിരുന്നു.
വിക്‌ടേഴ്‌സ്‌ ചാനലിലൂടെ മുൻകൂട്ടി അറിയിച്ച ടൈംടേബിൾ പ്രകാരമാണ്‌ ക്ലാസ്‌. ആദ്യഘട്ടം ലഘുവായ പഠനം. രണ്ടാഴ്‌ച കഴിയുമ്പോൾ പോരായ്‌മകൾ പരിശോധിച്ച്‌ കൂടുതൽ ക്രമീകരണമൊരുക്കും. വിഷയങ്ങൾ കുട്ടികൾ എത്രത്തോളം ഉൾക്കൊണ്ടു എന്ന പരിശോധനയുമുണ്ട്‌. അതത്‌ ക്ലാസുകളിലെ അധ്യാപകർ കുട്ടികളുമായി വാട്‌സാപ്പ്‌ ഗ്രൂപ്പിലൂടെ സംശയനിവാരണം നടത്തും. 
ഓരോ ക്ലാസും കഴിഞ്ഞ്‌ വിദ്യാർഥികൾക്ക്‌ അധ്യാപകരുമായി സംവദിക്കാം. അടുത്തദിവസത്തെ ക്ലാസ്‌ തുടങ്ങുന്നതിനുമുമ്പ്‌ സംശയങ്ങളെല്ലാം ദൂരീകരിക്കും. അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ സൂം ആപ്ലിക്കേഷൻ പോലുള്ള സങ്കേതങ്ങളിലൂടെയാണ്‌ ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്‌. കംപ്യൂട്ടറോ മൊബൈൽ ഫോണോ മുഖേനയാണ്‌ ആശയവിനിമയം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top