16 October Wednesday

അപൂർവരോഗത്തെ കീഴടക്കി ; ജീവിതം തിരികെപ്പിടിച്ച് ഫാദിയ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ആലുവ
ആന്റിഫോസ്‌ഫോളിപിഡ് സിൻഡ്രോം എന്ന അപൂർവരോഗത്തെ കീഴടക്കി ഫാദിയ ആലുവ രാജഗിരി ആശുപത്രി വിട്ടു. 164 ദിവസം നീണ്ട ആശുപത്രിവാസത്തിനൊടുവിൽ ചലനശേഷി ഉൾപ്പെടെ വീണ്ടെടുത്താണ്‌ പെരുമ്പാവൂർ സ്വദേശിയായ പതിനാലുകാരി മടങ്ങിയത്‌. മാർച്ച് എട്ടിന് പനി, ചുമ, അനിയന്ത്രിതമായ വിയർപ്പ് എന്നിവയുമായാണ് ഫാദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് ശരാശരി 135 വേണ്ടത് വളരെ കുറഞ്ഞ് 109 ആയി. രക്തത്തിലെ ഓക്സിജന്റെ കുറവ്, മരുന്നുകളുടെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ സാന്നിധ്യം എന്നിവയും കണ്ടെത്തി. ഇതോടെ വെന്റിലേറ്റർ പിന്തുണയിലായി ഫാദിയ. ഡോ. സൗമ്യ മേരി തോമസ് നടത്തിയ പരിശോധനയിൽ, സ്വന്തം രോഗപ്രതിരോധസംവിധാനം ആരോഗ്യമുള്ള കോശങ്ങളെ തെറ്റായി ആക്രമിക്കുകയാണെന്ന്‌ കണ്ടെത്തി.  രോഗപ്രതിരോധസംവിധാനം നിർമിക്കുന്ന ഈ ആന്റിബോഡികൾ ധമനികളിലും സിരകളിലും രക്തം കട്ടപിടിക്കാൻ കാരണമാകുന്ന ആന്റിഫോസ്‌ഫോളിപിഡ് സിൻഡ്രോം എന്ന അപൂർവരോഗമാണിതെന്നും കണ്ടെത്തി.

ഫാദിയയുടെ വലതുകാലിൽ രക്തം കട്ടപിടിച്ചതോടെ ചലനശേഷിയെയും ബാധിച്ചു. ഇമ്യൂണോഗ്ലോബുലിൻ നൽകിയും ആന്റിബയോട്ടിക് വഴി അണുബാധ നിയന്ത്രിച്ചും രക്തക്കട്ടകൾ അലിയിച്ചും ഡോക്ടർമാർ ഫാദിയയെ സാവധാനം തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചായിരുന്നു ചികിത്സ. ട്രക്കിയോസ്റ്റമി ട്യൂബുകൾ നീക്കംചെയ്തതോടെ മുറിയിലേക്ക്‌ മാറ്റിയ ഫാദിയയെ തുടർന്ന് ചികിത്സിച്ചത് ശിശുരോഗവിഭാഗത്തിലെ ഡോ. ദീപ്തി ദാമോദരനായിരുന്നു. രണ്ടുമാസം നീണ്ട പരിശ്രമത്തിനൊടുവിൽ ഫിസിയോതെറാപ്പി വിഭാഗത്തിന്റെകൂടി പിന്തുണയോടെ ഫാദിയ ചലനശേഷി വീണ്ടെടുത്തു. ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം കേക്ക് മുറിച്ചാണ് ഫാദിയയും കുടുംബവും ആശുപത്രി വിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top