22 October Tuesday

യുവതിയെ ആസിഡ്‌ ഒഴിച്ച്‌ കൊന്ന കേസ്‌: ഭർതൃസഹോദരിക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

 
കൊച്ചി
ആസിഡ്‌ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഭർതൃസഹോദരിക്ക്‌ ജീവപര്യന്തം കഠിനതടവ്‌. കോതമംഗലം എരമല്ലൂർ സ്വദേശി ഹനീഫയുടെ ഭാര്യ നിസ്സാമോൾ (28) കൊല്ലപ്പെട്ട കേസിലാണ്‌ ഭർതൃസഹോദരി ഷാജിതയെ (32) സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ വിചാരണ ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷിച്ചത്‌. ജീവപര്യന്തം കഠിനതടവും 21,000 രൂപ പിഴയുമാണ്‌ ശിക്ഷ. പിഴത്തുക നിസ്സാമോളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്‌ നഷ്ടപരിഹാരമായി നൽകാനും പ്രത്യേക ജഡ്‌ജി ടി ജെ വിൻസെന്റ്‌ വിധിച്ചു. ആസിഡ്‌ ആക്രമണത്തിന്‌ പത്തുവർഷം കഠിനതടവും ഗാർഹികപീഡനത്തിന്‌ മൂന്നുവർഷം കഠിനതടവും ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒരേകാലത്ത്‌ അനുഭവിച്ചാൽ മതി.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ 2013ൽ വന്ന ഭേദഗതിവ്യവസ്ഥ അനുസരിച്ചാണ്‌ ആസിഡ്‌ ആക്രമണത്തിന്‌ പത്തുവർഷം തടവും പിഴയും ശിക്ഷ വിധിച്ചത്‌.
2016 ഒക്ടോബർ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. തറവാട്ടുവീട്ടിൽ എത്തിയ നിസ്സാമോളെ തൊട്ടടുത്ത്‌ താമസിച്ചിരുന്ന പ്രതി തലയിൽ ആസിഡ്‌ ഒഴിച്ച്‌ ഗുരുതരമായി പരിക്കേൽപ്പിച്ചു. പിന്നീട്‌ ആശുപത്രിയിൽ മരിച്ചു.

ആസിഡ്‌ ആക്രമണത്തിനും ഗുരുതരമായി പരിക്കേൽപ്പിച്ചതിനുമായിരുന്നു പ്രതിക്കെതിരായ കുറ്റപത്രം. എന്നാൽ, കേസ്‌ വാദത്തിനിടെ പ്രതിക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കുമെന്ന സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പി എ ബിന്ദുവിന്റെ വാദം കണക്കിലെടുത്താണ്‌ പ്രതിയെ കൊലക്കുറ്റത്തിന്‌ കോടതി ശിക്ഷിച്ചത്‌.


പ്രധാന വാർത്തകൾ
 Top