Deshabhimani

ഏലൂരിൽ 250 വീടുകൾ വെള്ളത്തിൽ ; 100 കുടുംബങ്ങളെ ക്യാമ്പിലേക്ക്‌ മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 02:48 AM | 0 min read


കളമശേരി
പെരിയാറിൽ വെള്ളമുയർന്നതോടെ ഏലൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വിവിധ വാർഡുകളിലെ  250 ലേറെ വീടുകളിൽ വെള്ളം കയറി. 100 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക്‌ മാറ്റി. നിരവധിപേർ ബന്ധുവീടുകളിലേക്ക് മാറി. പുഴയിൽ വൈകിട്ടും വെള്ളം ഉയർന്നനിലയിലാണ്‌. കുറ്റിക്കാട്ടുകര ബോസ്‌കോ കോളനിയിലെ വീടുകളിലാണ് ചൊവ്വ പുലർച്ചെ വെള്ളം കയറിയത്. തുടർന്ന് തൊട്ടടുത്ത പ്രദേശമായ ഇടമുളയിലും പവർലൂം ജങ്ഷനിലെ വീടുകളിലേക്കും വെള്ളമെത്തി.

ഏലൂർ കിഴക്കുംഭാഗത്ത് വലിയചാൽ തോട്, ചിറാക്കുഴി, മുഹമ്മദ് പിള്ള റോഡ്, പാതാളം കോളനി എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. പത്തേലക്കാട്ടിലെ രണ്ട് വീടുകളിലും മാടപ്പാട്ട് നാലു വീട്ടിലും ദേവസ്വംപാടത്തെ ഏഴ് വീട്ടിലും വൈകിട്ടോടെ വെള്ളം കയറി. ബോസ്‌കോ കോളനിയിലെ  44 കുടുംബങ്ങളിലെ 171 പേരെ കുറ്റിക്കാട്ടുകര ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. പവർലൂം ജങ്ഷനിൽനിന്ന് 15 കുടുംബങ്ങളിലെ അറുപതോളംപേർ ഹിൻഡാൽകൊ യൂണിയൻ ഹാളിലെ ക്യാമ്പിലാണുള്ളത്. 

ഇലഞ്ഞിക്കൽ, ഏലൂർ കിഴക്കുംഭാഗം, മേപ്പരിക്കുന്ന് വാർഡുകളിൽ നാൽപ്പതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഏലൂർ ഫാക്ട് ഈസ്റ്റേൺ യുപി സ്കൂളിൽ ക്യാമ്പ് തുറന്നു. ഈ ക്യാമ്പിൽ 133 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാതാളം കോളനിയിലെ 10 കുടുംബങ്ങളിലെ 45 പേർ ഏലൂർ ഹൈസ്കൂളിലെ ക്യാമ്പിലാണുള്ളത്. വെള്ളം കയറിയ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് നഗരസഭ ചെയർമാൻ എ ഡി സുജിൽ നേതൃത്വം നൽകി.
 



deshabhimani section

Related News

0 comments
Sort by

Home