10 December Tuesday

ചുറ്റും ആനക്കൂട്ടം ; അഭയമായത്‌ വീടിന്റെ വലിപ്പമുള്ള പാറ

ജോഷി അറയ്‌ക്കൽUpdated: Saturday Nov 30, 2024

കുട്ടമ്പുഴയിൽ വനത്തിൽ കുടുങ്ങിയ സ്‌ത്രീകൾ പുറത്തേക്ക്‌ വരുന്നു


കോതമംഗലം
‘വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലാണ്‌’–- കുട്ടമ്പുഴയിലെ വനത്തിൽനിന്ന് പുറത്തെത്തിയ പാറുക്കുട്ടി പറഞ്ഞു. ‘വഴിതെറ്റിയാണ് ഞങ്ങൾ വനത്തിൽ അകപ്പെട്ടത്‌. രാത്രി തീരെ ഉറങ്ങിയില്ല’–- ഭീതി നിറഞ്ഞ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ പാറുക്കുട്ടിയുടെ കണ്ണുകളിൽ നടുക്കം.

അടുത്തിരിക്കുന്നയാളെപ്പോലും കാണാനാകാത്തത്ര കൂരിരുട്ടായിരുന്നു. ചെക്ക്ഡാംവരെ വഴി തെറ്റാതെയാണ്‌ വന്നത്. അതു കഴിഞ്ഞപ്പോൾ വഴിതെറ്റി. മുന്നോട്ടുപോകേണ്ടതിനുപകരം പുറകോട്ട് പോയി. ആന നടന്ന വഴിച്ചാലാണ്. അങ്ങനെയാണ് വനത്തിൽ അകപ്പെട്ടത്. രാത്രി കണ്ണുചിമ്മാനായില്ല. ആനയെ കണ്ട് ചിതറിയോടി ആദ്യം അഭയം തേടിയത്‌ ഒരു മരപ്പൊത്തിലായിരുന്നു. പിന്നീട്‌ പാറയുടെ മുകളിൽ കയറി.

‘പുലർച്ചെ 2.30 വരെ ആനക്കൂട്ടം സമീപത്തുണ്ടായിരുന്നു. എന്നാൽ, ഉപദ്രവിക്കാൻ ശ്രമിച്ചില്ല. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല. കൊമ്പുകൊണ്ട്‌ കുത്തി കയറിയാലും ഞങ്ങൾക്ക്‌ ഒഴിഞ്ഞുമാറാനുള്ള സൗകര്യമുണ്ടായിരുന്നു. ആന വന്നുകഴിഞ്ഞാൽ വലിയ പാറക്കൂട്ടത്തിനുമുകളിൽ കയറിയാൽ രക്ഷപ്പെടാമെന്ന്‌ ആദിവാസികൾ മുമ്പ്‌ നൽകിയ ഉപദേശവും തുണയായി’–- പാറുക്കുട്ടി പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top