കൊച്ചി/മട്ടാഞ്ചേരി
കൂലിയും ഭക്ഷണവുംവരെ ലഭിക്കാതെ അടിമകളെപ്പോലെ ഒരുവർഷം യമനിൽ ജോലിചെയ്ത ഒമ്പതു മത്സ്യത്തൊഴിലാളികൾ പതിനൊന്നു ദിവസത്തെ സാഹസികയാത്രയ്ക്കൊടുവിൽ സേനയുടെ സഹായത്തോടെ തീരമണഞ്ഞു. വിശപ്പും ദാഹവും സഹിച്ച് മീൻപിടിത്ത ബോട്ടിൽ 3069 കിലോമീറ്റർ സഞ്ചരിച്ചാണ് രണ്ടു മലയാളികൾ ഉൾപ്പെട്ട സംഘം നാട്ടിലെത്തിയത്. ഇവരെ തീരസംരക്ഷണസേന വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ചു.
കൊല്ലം സ്വദേശികളായ നൗഷാദ് (41), നിസാർ (44), കന്യാകുമാരി രജകമംഗലം സ്വദേശികളായ ജെ വിൻസ്റ്റൺ (47), ആൽബർട്ട് ന്യൂട്ടൺ (35), എ എസ്കലിൻ (29), കന്യാകുമാരി പെരിയകാട് സ്വദേശി പി അമൽ വിവേക് (33), മണക്കുടി സ്വദേശി ജെ ഷാജൻ, കുളച്ചൽ സ്വദേശി എസ് സഹായ ജഗൻ (28), തിരുനൽവേലി ഉവാരി സ്വദേശി പി സഹായ രവികുമാർ എന്നിവരെയാണ് വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ചത്.
2018 ഡിസംബർ മൂന്നിന് ഷാർജയിലെ ഒരു അറബിയുടെ മത്സ്യബന്ധന തൊഴിലാളികളായാണ് ഇവർ പോയത്. എന്നാൽ, സ്പോൺസർ ഇവരെ യമനിലെ മറ്റൊരാൾക്ക് കൈമാറി. മീൻപിടിക്കാൻ മൂന്നു യന്ത്രവൽക്കൃത ബോട്ട് നൽകിയെങ്കിലും പിടിക്കുന്ന മീനിന്റെ വിഹിതമോ കൂലിയോ പോലും നൽകിയില്ല. പല ദിവസങ്ങളിലും ഒരുനേരംപോലും ആഹാരം നൽകിയിരുന്നില്ലെന്ന് തൊഴിലാളികൾ വീട്ടുകാരെ അറിയിച്ചിരുന്നു. തങ്ങളെ സ്വതന്ത്രരാക്കണമെന്നും രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചിട്ടും തൊഴിലുടമ വഴങ്ങിയില്ല. ഒടുവിൽ കഴിഞ്ഞ 19ന് ബോട്ടിൽ നാട്ടിലേക്ക് രക്ഷപ്പെട്ടു. 27ന് ലക്ഷദ്വീപ് ഭാഗത്തെത്തി. ആവശ്യത്തിന് ഇന്ധനമില്ലെന്നും ഭക്ഷണമില്ലാത്തതിനാൽ അവശരാണെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രട്ടേണിറ്റി തീരസംരക്ഷണ സേനയ്ക്ക് കത്തുനൽകി.
സേന കന്യാകുമാരിയിൽ ഷാജന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ബോട്ടിൽ ഇന്ധനവും ഭക്ഷണവും തീർന്നെന്നും കൊച്ചി തീരത്ത് എത്താൻ സാധിക്കുമോയെന്ന് അറിയില്ലെന്നും 27ന് ഷാജൻ ഫോണിലൂടെ പറഞ്ഞതായി ഭാര്യ സബിത അറിയിച്ചു. വ്യാഴാഴ്ച ആകാശമാർഗം സേന നടത്തിയ തെരച്ചിലിൽ കൊച്ചിയിൽനിന്ന് 185.2 കിലോമീറ്റർ പടിഞ്ഞാറ് ബോട്ട് കണ്ടെത്തി. സേനയുടെ ആര്യമാൻ കപ്പലിൽ എല്ലാ തൊഴിലാളികളെയും കരയ്ക്കെത്തിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറി. തൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണെന്നും സേന വ്യക്തമാക്കി. പൊലീസും കേന്ദ്ര–-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ചോദ്യം ചെയ്തു. തൊഴിലാളികളെ ഉടൻ ബന്ധുക്കൾക്ക് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..