30 January Monday

പള്ളിയും പള്ളിക്കൂടവും സുമനസ്സുകളും കൈകോർത്തു; ശ്രീബാലയ്ക്ക് വീടൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ശ്രീബാല ശ്രീജിത്തിന്റെ പുതിയ വീടിന്റെ നിർമാണം പള്ളി വികാരി ഫാ. തോമസ് കൂമുള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി> കാറ്റിലും മഴയിലും തകർന്ന വീടിനുപകരം ശ്രീബാലയ്‌ക്ക് ആരക്കുന്നം സെന്റ് ജോർജ്‌സ് സ്കൂൾ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകും. ആരക്കുന്നം സെന്റ് ജോർജ്സ് എൽപി സ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന ശ്രീബാല ശ്രീജിത്തിന്റെ വീട് കുറച്ചുനാൾമുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും പകുതിയോളം ഇടിഞ്ഞുവീഴുകയും ബാക്കിഭാഗം എപ്പോൾവേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുമായിരുന്നു.

ക്ലാസ് ടീച്ചർ ഈ വിഷയം സ്കൂൾ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സ്കൂൾ അധികൃതർ വീട് സന്ദർശിക്കുകയും അറ്റകുറ്റപ്പണിക്ക് ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഇത് സാധ്യമല്ലെന്നു  മനസ്സിലായതോടെ വീടിന്റ അവസ്ഥ സ്കൂൾ മാനേജർ സി കെ റെജി, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വീട് നിർമിക്കുന്നതിന് നാല്‌ ലക്ഷം രൂപ അനുവദിച്ചു. ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളിയും ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ സഹായവും എത്തിയതോടെ പുതിയ വീട് നിർമിക്കാൻ തീരുമാനിച്ചു.

പള്ളി വികാരി തോമസ് കൂമുള്ളിൽ വീടി​ന്റെ നിർമാണോദ്ഘാടനം നടത്തി. സി കെ റെജി അധ്യക്ഷനായി. മുളന്തുരുത്തി പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജു അനിൽകുമാർ, ലിജോ ജോർജ്, റീന റെജി, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ്, ബോബി പോൾ,   ഡെയ്സി വർഗീസ്, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, ഫാ. കെ മനു ജോർജ്, ജിജോ വെട്ടിക്കൽ, ദീപ്തി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജ്മെന്റ് എല്ലാ അധ്യയനവർഷവും അർഹതപ്പെട്ട ഒരു വിദ്യാർഥിക്ക് ഒരു വീട് നിർമിച്ച് നഇകുന്ന "സ്വപ്നസാഫല്യം ഭവന നിർമാണ പദ്ധതി' നടപ്പാക്കുമെന്ന് സ്കൂൾ മാനേജർ സി കെ റെജി പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top