22 September Friday

സൗത്ത്‌ നോർത്ത്‌ സ്‌റ്റേഷൻ നവീകരണം ; ഓഫീസുകൾ മാറ്റിത്തുടങ്ങി; കെട്ടിടം പൊളിക്കൽ ഉടൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

പാഴ്‌സൽ ഓഫീസിനുസമീപത്ത്‌ ബഹുനില കാർപാർക്കിങ്‌ നിർമാണത്തിനുള്ള ജോലികൾ ആരംഭിച്ചപ്പോൾ


കൊച്ചി
എറണാകുളം സൗത്ത്‌–-നോർത്ത്‌ റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കാൻ പ്രാഥമികനടപടി ആരംഭിച്ചു. പ്രധാന ഓഫീസുകൾ പലതും മാറ്റിത്തുടങ്ങി. ഈ ജോലി പൂർത്തിയായശേഷം കെട്ടിടങ്ങൾ പൊളിക്കും. മൂന്നുഘട്ടമായാണ്‌ പുതിയവ പൂർത്തിയാക്കുക. ബ്രിഡ്‌ജസ്‌ ആൻഡ്‌ റൂഫ്‌സിനാണ്‌ നിർമാണക്കരാർ.

സൗത്തിൽ കിഴക്കേ കവാടത്തിനുസമീപമുണ്ടായിരുന്ന എൻജിനിയറിങ്‌ വിഭാഗത്തിന്റെ ഡിപ്പോ മാറ്റി. ഇവിടെ പുതിയ കെട്ടിടവും പാർക്കിങ്‌ സൗകര്യവും വരും. മുഖ്യകവാടത്തിനുമുന്നിൽ ഫുഡ്‌പ്ലാസമുതൽ ആർപിഎഫ്‌ ഓഫീസുവരെ കെട്ടിടം പൊളിച്ച്‌ പുതുതായി നിർമിക്കും. സ്‌റ്റേഷൻ മാസ്‌റ്ററുടെയും മാനേജരുടെയും ഓഫീസുകൾ മാറ്റാനുള്ള ജോലികൾ ആരംഭിച്ചു. റിസർവേഷൻ ഓഫീസിനുസമീപത്തേക്കാണ്‌ മാറ്റുന്നത്‌. ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ പൊളിക്കലും പാഴ്‌സൽ ഓഫീസിനുസമീപം ബഹുനില കാർപാർക്കിങ്‌ നിർമാണവും ആരംഭിച്ചു.

നോർത്ത്‌ സ്‌റ്റേഷനിൽ നവീകരണത്തിന്‌ ഭൂമിയേറ്റെടുക്കൽ ഉത്തരവ്‌ 15 ദിവസത്തിനകം ലഭിക്കും.  ഓഫീസുകൾ മാറ്റാനുള്ള നടപടി ഉടൻ ആരംഭിക്കും.
പാഴ്‌സൽ ഓഫീസ്‌ പുറത്തേക്കുള്ള കവാടത്തിനുസമീപത്തേക്കാണ്‌ മാറ്റുക. ടിടിഇമാർക്കുള്ള വിശ്രമമുറി, ഡിവൈഎസ്‌പി, ജിആർപി ഓഫീസ്‌ എന്നിവ സ്‌റ്റേഷനിലെ വിശ്രമമുറിയിലേക്കും സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസ്‌ ഒഴിഞ്ഞുകിടക്കുന്ന ഡിവൈഎസ്‌എംആർ റൂമിലേക്കും ജീവനക്കാരുടെ വിശ്രമമുറി, ഡ്യൂട്ടി സ്‌റ്റേഷൻ മാസ്‌റ്റർ റൂം എന്നിവ ഒഴിഞ്ഞുകിടക്കുന്ന വിശ്രമമുറിയിലേക്കുമാണ്‌ മാറ്റുക.

സൗത്ത്‌ സ്‌റ്റേഷനിൽ 445 കോടി രൂപയുടെയും നോർത്തിൽ 226 കോടി രൂപയുടെയും പദ്ധതികളാണ്‌ നടപ്പാക്കുക. സൗത്ത്‌ സ്റ്റേഷന്റെ നിർമാണം 24 മാസത്തിനകവും നോർത്ത്‌ സ്റ്റേഷൻ 36 മാസത്തിനകവും പൂർത്തിയാക്കും. ട്രെയിൻ സർവീസുകളെ ബാധിക്കാതെയാകും നിർമാണം.

നോർത്ത്‌ സ്‌റ്റേഷൻ നവീകരണത്തിന്റെ മാതൃക

നോർത്ത്‌ സ്‌റ്റേഷൻ നവീകരണത്തിന്റെ മാതൃക

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top