14 August Friday

അണ്‍എയ്ഡഡ് സ്‌കൂളില്‍നിന്ന്‌ പൊതുവിദ്യാലയങ്ങളിലെത്തിയത് 10,355 കുട്ടികള്‍

എ എസ് ജിബിനUpdated: Monday Jun 29, 2020

കൊച്ചി > 'ഫസ്റ്റ് ബെല്ലില്‍ ടീച്ചര്‍മാര് പഠിപ്പിക്കുന്നത് കണ്ടില്ലേ... എന്ത് രസായിട്ടാ ക്ലാസ്സെടുക്കുന്നേ... ഇംഗ്ലീഷ് ഉള്‍പ്പടെ എല്ലാ വിഷയങ്ങളും നന്നായി പഠിക്കാന്‍ പറ്റുന്നുണ്ട്... സംശയമുണ്ടെങ്കില്‍ ഞങ്ങളുടെ ടീച്ചറോട് വാട്ട്‌സാപ്പിലൂടെയോ വിളിച്ചോ ചോദിക്കാം... ഫീസില്ലാതെ എത്ര മികച്ച ക്ലാസ്സുകളാണ് കിട്ടുന്നത്' അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്ന് കലൂര്‍ മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ ഇടപ്പള്ളി സ്വദേശിനി എം എസ് നിഷയുടെ വാക്കുകളാണിവ.

പൊതുവിദ്യാഭ്യാസത്തിന്റെ മികവ് മനസ്സിലാക്കിയും കോവിഡ് കാലമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഉയര്‍ന്ന ഫീസ് നല്‍കാനില്ലാതെയും എറണാകുളം ജില്ലയില്‍ നിഷയെ പോലെ 10355 കുട്ടികളാണ് അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്ന് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത്. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം നേടിയ 31137 കുട്ടികളില്‍ മൂന്നിലൊരു ഭാഗം അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നെത്തിയവരാണ്.

ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടി കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നെത്തി. പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ മനസ്സിലാക്കിയെത്തിയവരാണ് ഭൂരിഭാഗവും. വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് കണ്ട് പൊതുവിദ്യാഭ്യാസത്തിന്റെ മികവ് മനസ്സിലാക്കിയെത്തിയവരും ഇക്കൂട്ടത്തില്‍പെടും. കോവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഉയര്‍ന്ന ഫീസ് നല്‍കാനാവാതെ പൊതുവിദ്യാലയങ്ങളിലേക്കെത്തിയവരും കുറവല്ല.

കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതാപിതാക്കളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ഫീസ് നല്‍കി അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അതേ നിലവാരം പൊതുവിദ്യാലയങ്ങള്‍ക്കുമുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നെത്തുന്നവര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചത് കുട്ടികളുടെ എണ്ണം വര്‍ധിക്കാനിടയായെന്ന് സമഗ്ര ശിക്ഷാ കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഉഷാ മാനാട്ട് പറഞ്ഞു. അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ടിസി ആവശ്യമില്ല. പ്രായമനുസരിച്ചാണ് ക്ലാസ്സുകളിലേക്ക് പ്രവേശനം നല്‍കുന്നത്. ഇത് ഏറെ ഗുണം ചെയ്തതായും അവര്‍ പറഞ്ഞു.

അഞ്ചാം ക്ലാസ്സിലാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കൂടുതല്‍ കുട്ടികളെത്തിയത്. 2849 കുട്ടികളെത്തി. രണ്ടാം ക്ലാസ്സില്‍ 669ഉം  മൂന്നാം ക്ലാസ്സില്‍  801ഉം നാലാം ക്ലാസ്സില്‍ 732 ഉം ആറാം ക്ലാസ്സില്‍ 1128 ഉം ഏഴാം ക്ലാസ്സില്‍ 1054ഉം എട്ടാം ക്ലാസ്സില്‍ 2383 ഉം ഒമ്പതാം ക്ലാസ്സില്‍ 565 ഉം പത്താം ക്ലാസ്സില്‍ 174 ഉം കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നെത്തി. ഒന്നാം ക്ലാസ്സിലേക്ക് ഇത്തവണ 15646 കുട്ടികള്‍ പ്രവേശനം നേടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top