08 July Wednesday

പരിശോധനാ വണ്ടി കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


കൊച്ചി
കോവിഡ് വ്യാപനം പരിശോധിക്കുന്നതിന്‌ ജില്ലയിൽ ആരംഭിച്ച ഡെസിഗ്നേറ്റഡ് മൊബൈൽ കലക്‌ഷൻ ടീമിന്റെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു. കോവിഡ് കെയർ സെന്ററുകളിലെത്തിയാണ് ഡെസിഗ്നേറ്റഡ് മൊബൈൽ കലക്‌ഷൻ ടീം സാമ്പിളുകൾ ശേഖരിക്കുന്നത്‌. മെയ് ആദ്യവാരമാണ് പ്രവർത്തനം ആരംഭിച്ചത്. ഒരു ഡോക്ടർ, ഒരു മൈക്രോബയോളജിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം. ദിവസം 3500 രൂപയാണ് സംഘത്തിന്റെ പ്രവർത്തനചെലവ്‌. വിദേശരാജ്യങ്ങളിൽനിന്ന് എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്ന, രോഗവ്യാപന സാധ്യത കൂടുതലുള്ളവരിൽനിന്നാണ് ആദ്യം സാമ്പിളുകൾ ശേഖരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവർ, സഞ്ചരിച്ച വിമാനത്തിലോ കപ്പലിലോ ഉണ്ടായിരുന്നവരിലോ വിദേശത്ത് ഒപ്പം ഉണ്ടായിരുന്നവരിലോ രോഗം സ്ഥിരീകരിച്ചവർ എന്നിവർക്ക് മുൻഗണന നൽകിയാണ് ശേഖരണം. പ്രതിദിനം 60 സാമ്പിൾവരെ ശേഖരിക്കും. ജില്ലയിൽ ഇതുവരെ 4040 സാമ്പിൾ പരിശോധിച്ചു.

സമൂഹവ്യാപന പരിശോധനയ്‌ക്കായി നടത്തുന്ന സെന്റിനൽ സർവേയുടെ ഭാഗമായി 445 സാമ്പിളുകൾ ശേഖരിച്ചു. ഏഴ്‌ വിഭാഗങ്ങളിൽനിന്നാണ്‌ സാമ്പിളുകൾ എടുക്കുന്നത്‌. സമൂഹവ്യാപനം കണ്ടെത്തുന്നതിനായി നടത്തുന്ന ഓഗ്‌മെന്റഡ് സാമ്പിൾ 158 എണ്ണം പരിശോധിച്ചു. 10 വിഭാഗം ആളുകളിൽനിന്നാണിത്. രണ്ട് വിഭാഗങ്ങളിൽനിന്നും ഇതുവരെ പോസിറ്റീവ് കേസുകൾ ലഭിച്ചിട്ടില്ല. സിബിഎൻഎഎടി (കാട്രിഡ്‌ജ്‌ ബേസ്‌ഡ്‌ ന്യൂക്ലിക്‌ ആസിഡ്‌ ആംപ്ലിഫിക്കേഷൻ ടെസ്‌റ്റ്‌) വഴി 197 സാമ്പിളുകളും പരിശോധിച്ചു. സാമ്പിൾ പരിശോധനകൾ സൗജന്യമാണ്‌. സാമ്പിൾ പരിശോധനയ്ക്കായി ഐസിഎംആർ അനുമതിയുള്ള മൂന്ന്‌ സ്വകാര്യ ലാബുകൾവഴി ശരാശരി 80 സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്‌. ഇതുവരെ പോസിറ്റീവ് കേസുകൾ ലഭിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top