20 May Friday

അനധികൃത വഴിയോരക്കച്ചവടം: 
ശക്തമായ നടപടി വേണമെന്ന് 
ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


കൊച്ചി
അനധികൃത വഴിയോരക്കച്ചവടം തടയാൻ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. കൊച്ചി കോർപറേഷൻ പരിധിയിൽ അനധികൃത വഴിയോരക്കച്ചവടം തടയാനും അനുമതിയുള്ള വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിനുള്ള പദ്ധതി തയ്യാറാക്കാനും ഉടൻ നടപടി  വേണമെന്നും കോടതി നിർദേശിച്ചു. നിലവിൽ 1153 ലൈസൻസും തിരിച്ചറിയൽ കാർഡുമുള്ള വഴിയോരക്കച്ചവടക്കാരാണ് കോർപറേഷൻ പരിധിക്കുള്ളിലുള്ളത്. സബ് കമ്മിറ്റി തയ്യാറാക്കിയ 1589 പേരുടെ താൽക്കാലിക ലിസ്റ്റിന്റെ പരിശോധന നടക്കുകയാണ്‌. ഇവർക്ക് മാർച്ച് നാലുവരെ താൽക്കാലിക ലൈസൻസിൽ വഴിയോരക്കച്ചവടം തുടരാം.

ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള ഉത്തരവുണ്ടായിട്ടും അനധികൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നതിൽ വീഴ്ചവന്നതായി കേസിൽ കോടതിയെ സഹായിക്കുന്ന അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌ നൽകി. മേനകയിലും എബ്രഹാം മാടമാക്കൽ റോഡിലും ഹൈക്കോടതി ബോട്ടുജെട്ടിയിലും വഴിയോരക്കച്ചവടം നടത്തുന്ന 100 പേരിൽ 10 പേർക്ക് അംഗീകൃത സർട്ടിഫിക്കറ്റില്ല. പത്തോളംപേർ മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്‌ കച്ചവടം ചെയ്യുന്നത്‌. ഇത് 2014ലെ പുനരധിവാസത്തിനുള്ള നിയമത്തിനും ഹൈക്കോടതിയുടെതന്നെ മുൻ ഉത്തരവുകൾക്കും വിരുദ്ധമാണെന്ന് അമിക്കസ്‌ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി.

അനധികൃത വഴിയോരക്കച്ചവടം തടയുന്നതിൽ വീഴ്ചയുണ്ടോ എന്നും ഉത്തരവുകൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കാൻ ഹൈക്കോടതി അഞ്ചംഗ മേൽനോട്ടസമിതി രൂപീകരിച്ചു. മേയർ, കലക്ടർ, സിറ്റി പൊലീസ് കമീഷണർ, സ്മാർട്ട് മിഷൻ ലിമിറ്റഡ് എംഡി, അമിക്കസ്‌ക്യൂറി എന്നിവർ മേൽനോട്ടസമിതിയിലുണ്ടാകും. സമിതി എല്ലാ മാസവും യോഗം ചേർന്ന് നടപടി വിലയിരുത്തണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top