07 February Tuesday

മുളയിൽ ഉടലാർന്ന മെസിയെ കാണാം, ബാംബൂ ഫെസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


കൊച്ചി
ലോകകപ്പ്‌ ലഹരിയിൽ ആറാടിനിൽക്കുന്ന ഫുട്‌ബോൾ പ്രേമികളേ.. കലൂർ  ജവാഹർലാൽ നെഹ്റു  സ്റ്റേഡിയം ഗ്രൗണ്ടിൽ വരൂ. മുളയിൽ ഉടലാർന്ന ലയണൽ മെസി ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്‌. കേരള ബാംബൂ ഫെസ്‌റ്റിന്റെ പവിലിയനിലാണ്‌ മുളയിൽ തീർത്ത ലയണൽ മെസിയുള്ളത്‌. ബാംബൂ കോർപറേഷന്റെ നല്ലളം തറയോട്‌ ഫാക്ടറിയിലെ കരകൗശല വിദഗ്‌ധരാണ്‌  തയ്യാറാക്കിയത്‌. 90 ശതമാനവും കൈകൊണ്ടാണ്‌  നിർമാണം.
ഡിസംബർ നാലുവരെയാണ്‌ ബാംബൂ ഫെസ്റ്റ്. പകൽ 11 മുതൽ രാത്രി ഒമ്പതുവരെയാണ് സമയം. പ്രവേശനം സൗജന്യം.

പുതുമയുള്ളതും വ്യത്യസ്‌തവുമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി  ബാംബൂ ഗ്യാലറിയുമുണ്ട്. ദിവസവും വൈകിട്ട്‌ മുള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മുളയരി, മുളങ്കൂമ്പ് എന്നിവകൊണ്ട്‌ തയ്യാറാക്കിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും കുടുംബശ്രീയുടെ ഭക്ഷണശാലയും മേളയിൽ ഉണ്ട്.

വ്യവസായമന്ത്രി പി രാജീവ്‌ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. ബാംബൂ കോർപറേഷന്റെ യുട്യൂബ് ചാനൽ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഉമ തോമസ് എംഎൽഎ അധ്യക്ഷയായി. മേയർ എം അനിൽകുമാർ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, ബാംബൂ കോർപറേഷൻ ചെയർമാൻ ടി കെ മോഹനൻ, നാഷണൽ ബാംബൂ മിഷൻ അസി. കമീഷണർ കെ എസ്‌ ശ്രീകാന്ത്, കേരള വന ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, കെ ബിപ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്‌ സൂരജ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top