കൊച്ചി
1986 ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ട്–-അർജന്റീന ക്വാർട്ടർ ഫൈനൽ. ഇതിഹാസതാരം മാറഡോണയുടെ കാലിൽനിന്ന് നൂറ്റാണ്ടിന്റെ ഗോൾ പിറന്ന മത്സരം. ആ കളിയിൽ മാറഡോണ ചരിത്രത്തിന്റെ വലയിലേക്ക് മറ്റൊരു പന്തുകൂടി തട്ടിയിട്ടു. അത് ഒറ്റപ്പേരുകൊണ്ട് ലോകം കീഴടക്കി. ഏതാണത്? ചോദ്യം കേട്ടതും കുട്ടികളിൽ മത്സരത്തിന്റെ പിരിമുറുക്കം മറന്ന് ആവേശം നിറഞ്ഞു. ‘ദൈവത്തിന്റെ കൈ’ യുപി വിഭാഗത്തിൽ ഏറ്റവുംകൂടുതൽ കുട്ടികൾ ഉത്തരമെഴുതിയത് ഈ ചോദ്യത്തിനാണ്.
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടനവേദിയിലെത്തിയ ഖനിം മുഹമ്മദ് അൽ മുഫ്തയെക്കുറിച്ചും ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ സുനിൽ ഛേത്രിയെക്കുറിച്ചുള്ള ഫിഫയുടെ "ക്യാപ്റ്റൻ ഫന്റാസ്റ്റിക്' എന്ന ഡോക്യുമെന്ററിയെക്കുറിച്ചും ലോകകപ്പിൽ ഇക്കുറി പങ്കെടുക്കുന്ന ഏഷ്യൻ ടീമുകളെ പതാകകളിൽനിന്ന് തിരിച്ചറിയാനുമുൾപ്പെടെ അറിവിന്റെ പോരാട്ടത്തിൽ ഇക്കുറി ഫുട്ബോൾ ആവേശവും നിറച്ചായിരുന്നു ചോദ്യങ്ങൾ. ക്വിസ് മാസ്റ്റർമാരും കുട്ടികളും കളിയാവേശം നിറച്ച ചർച്ചകളിലും പങ്കാളികളായി.
അടുത്തിടെ ഹിറ്റായ "കാന്താര' സിനിമ കണ്ടിട്ടുള്ളവർ ഏറെ. എന്നാൽ, കർണാടകത്തിലും കാസർകോടും പ്രചാരത്തിലുള്ള ഏത് കലാരൂപത്തേക്കുറിച്ചാണെന്ന് ചോദിച്ചപ്പോൾ കുട്ടികൾ ഒന്നു കുടുങ്ങി. ഭൂതക്കോലം അല്ലെങ്കിൽ ദൈവക്കോലമെന്ന് ഉത്തരമെഴുതിയത് ഒരാൾമാത്രം. അടുത്തിടെ ഇറങ്ങിയ മലയാളചിത്രം "ഓട്ടോറിക്ഷക്കാരന്റ ഭാര്യ'യുടെ എഴുത്തുകാരൻ ആരെന്നും ചോദ്യമുണ്ടായി. എം മുകുന്ദൻ എന്ന് ശരിയുത്തരം എഴുതിയവർ ഏറെ. 2022 കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൽജമ്പിൽ സ്വർണം നേടിയ മലയാളി ഏൽദോസ് പോളിനെക്കുറിച്ചുള്ള ചോദ്യത്തിനും കൂടുതൽപേരും ഉത്തരമെഴുതി. എഴുത്തുപരീക്ഷയ്ക്കുശേഷം മൾട്ടിമീഡിയ ചോദ്യങ്ങളിലേക്ക് കടന്നപ്പോഴായിരുന്നു മത്സരം ആവേശത്തിലേക്ക് എത്തിയത്. പൊതുവിജ്ഞാനവും ശാസ്ത്രവും കലയും സാഹിത്യവുമെല്ലാം ചോദ്യങ്ങളുടെ ഭാഗമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..