06 July Wednesday

നെഞ്ചോട് ചേര്‍ത്ത് നാട്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് പൊന്നുരുന്നി ഒക്ടോബര്‍ റോഡില്‍ നല്‍കിയ സ്വീകരണം


തൃക്കാക്കര
ഒരു നാട്‌ ഒരുങ്ങുകയായിരുന്നു. ഡോ. ജോയെ വരവേൽക്കുന്നതിലൂടെ അവർ കണ്ടത്‌ നവ തൃക്കാക്കരയെയാണ്‌. കുരുക്കില്ലാത്ത, വേഗമാർന്ന, അവസരങ്ങളുടെ ഒരു നാട്‌. സ്വീകരണകേന്ദ്രങ്ങളിൽ കൊടിയും തോരണവുംനിരത്തി അലങ്കരിച്ച്‌ പൂക്കളും മധുരവും നൽകി പിരിഞ്ഞുപോകുകയായിരുന്നില്ല അവർ. ആ ജനമുന്നേറ്റത്തിൽ അണിചേർന്ന്‌ അതൊരു കൂട്ടായ്‌മയായി, ജനമുന്നേറ്റമായി പാകപ്പെടുത്തിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പര്യടനം പൂർത്തിയായത്‌.

രാവിലെ മരോട്ടിച്ചോട്ടിലെ പോപ്പുലർ മെഴുകുതിരി നിർമാണ യൂണിറ്റിലെ ജീവനക്കാരെക്കണ്ട് പിന്തുണതേടിയാണ് പര്യടനം ആരംഭിച്ചത്. ഇവിടേക്കെത്തുമെന്ന് കരുതിയില്ലെന്ന് ജീവനക്കാരികൾ. പരമാവധി വോട്ടർമാരെ നേരിൽ കാണണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടെന്ന്‌ ഡോക്ടറുടെ മറുപടി. ഇടയ്ക്ക്‌, പട്ടണം റഷീദിന്റെ വാഴക്കാലയിലെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ 90 പിന്നിട്ട ഉമ്മ ജമീലയുടെ സുഖവിവരങ്ങൾ അന്വേഷിച്ചു. ഏലൂരിലെ തന്റെ പാർടി പ്രവർത്തനത്തെക്കുറിച്ച് റഷീദ് ഓർമകൾ പങ്കുവച്ചു.   മികച്ച സ്ഥാനാർഥിയാണ് ജോ. വോട്ടുചെയ്ത് മടങ്ങുംവരെ സിനിമയ്ക്ക്‌ അവധി നൽകിയിരിക്കുകയാണ് റഷീദ്.  

വൈകിട്ട്‌ താനത്ത് ലെയ്‌നിൽ ആരംഭിച്ച പര്യടനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അപവാദ പ്രചാരണത്തിന്റെ അധമരാഷ്‌ട്രീയത്തിന്‌ തൃക്കാക്കര മറുപടി നൽകുമെന്ന്‌ മന്ത്രി പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രനും പങ്കെടുത്തു. തിരക്കഥാകൃത്തായ സിബി തോമസ്, ഡോ. ജോ ജോസഫിനെ കാണാനെത്തി. ചാത്തങ്കേരായിൽ ഡോ. ജോ ജോസഫിന് ഉജ്വൽ നാഥ് തന്റെ പുസ്തകമായ മണികർണിക, മൊഴിമുറ്റം (തിരഞ്ഞെടുത്ത കഥകൾ) എന്നിവ സമ്മാനിച്ചു. ആറാംക്ലാസുകാരി അവ്‌നി, കരാട്ടെ വേഷത്തിലാണ്‌ ഡോക്ടറെ അഭിവാദ്യം ചെയ്‌തത്‌.

ഇരുചക്ര വാഹനങ്ങളിലായി നൂറുകണക്കിനാളുകളാണ് ചമ്പക്കരയിൽനിന്ന്‌ പര്യടനവാഹനത്തെ പിന്തുടർന്നത്. മെട്രോ സ്‌റ്റേഷൻ, വടക്കത്തറ, ഇല്ലത്തുപറമ്പ്, പേട്ട, അമ്പാടിത്താഴം, വളപ്പിക്കടവ്, ഗാന്ധി സ്‌ക്വയർ, പാടാചിറ, അയ്യങ്കാളി, മുരുക കഫേ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് പേട്ടയിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. കടന്നപ്പിള്ളി രാമചന്ദ്രൻ എംഎൽഎ സംസാരിച്ചു. എസ്‌ ശർമ, എം സി സുരേന്ദ്രൻ, പി വാസുദേവൻ, പി  ദിനേശ്‌ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top