30 May Saturday

രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ കൂടുതൽപ്പേർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


കൊച്ചി
ജില്ലയിൽ കോവിഡ്‌–-19 സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 64 ആയി. രോഗിയുമായി സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വിവിധ സ്ഥാപനങ്ങളിലെ വ്യക്തികൾ എന്നിവർ ഇതിലുണ്ട്‌. ഇവരെ എല്ലാവരെയും വീടുകളിൽ കർശന നിരീക്ഷണത്തിലാക്കി. ആരോഗ്യവകുപ്പ്, പൊലീസ്, വാർഡുതല സമിതികൾ എന്നിവ ഇക്കാര്യം ഉറപ്പുവരുത്താനുള്ള പരിശോധനകൾ നടത്തുന്നുണ്ട്.

വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 96 പേരെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനാൽ പട്ടികയിൽനിന്ന് ഒഴിവാക്കി. പുതിയ 517 പേരുൾപ്പെടെ നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌ 3884 പേരാണ്. 10   പേരെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽനിന്ന് ഏഴുപേരെ വെള്ളിയാഴ്‌ച ഡിസ്ചാർജ് ചെയ്തു. ഇതിൽ കണ്ണൂരിൽനിന്നുള്ള ദമ്പതികളും അവരുടെ കുട്ടിയും ബ്രിട്ടീഷ് വിനോദയാത്രാ സംഘത്തിലെ  രണ്ടുപേരും ഉൾപ്പെടും. നിലവിൽ കോവിഡ്–-19 ബാധിച്ച് മെഡിക്കൽ കോളേജിലുള്ളത് 15 പേരാണ്. ഇതിൽ അഞ്ചുപേർ ബ്രിട്ടീഷ് പൗരന്മാരും ഏഴുപേർ എറണാകുളം ജില്ലക്കാരും രണ്ടുപേർ കണ്ണൂർ സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ഇതോടെ ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതിൽ 25 പേർ മെഡിക്കൽ കോളേജിലും 10 പേർ  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണുള്ളത്‌.  ജില്ലയിൽ ആശുപത്രികളിലും വീടുകളിലുമായി ഇപ്പോൾ നിരീക്ഷണത്തിലുള്ളത്‌ 3919 പേരാണ്‌. വെള്ളിയാഴ്‌ച 12 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവ് ആണ്. 24 സാമ്പിളുകൾകൂടി പരിശോധനയ്‌ക്കായി അയച്ചു. 71   സാമ്പിളുകളുടെ ഫലമാണ്‌ കിട്ടേണ്ടത്‌. 

കോവിഡ്‌–-19 കൺട്രോൾ റൂമിലേക്ക്‌ 379 ഫോൺ വിളികളെത്തി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറെ നേരിൽക്കണ്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിലേക്ക്‌ 53 പേരെ വിളിച്ചു. മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്ന 401   പേർക്ക്‌ കൗൺസലിങ് നൽകി.


പ്രധാന വാർത്തകൾ
 Top