18 May Wednesday

ജനാധിപത്യത്തിന്റെ നിലനില്‍പ്പ്‌ രാഷ്ട്രീയ 
ജനാധിപത്യത്തെക്കൂടി ആശ്രയിച്ച്: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


കൊച്ചി
നമ്മുടെ രാജ്യം പരമാധികാര ജനാധിപത്യരാജ്യമായി തുടരുന്നത് മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നിവയുടെ പിൻബലത്തിലാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ജനാധിപത്യം നിലനിൽക്കുന്നത്‌ രാഷ്ട്രീയജനാധിപത്യത്തെക്കൂടി ആശ്രയിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലക്ടറേറ്റ്‌ പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെയും ജാതിയുടെയും പേരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർടികൾ, വിശ്വാസത്തെ രാജ്യതാൽപ്പര്യത്തിനുമുകളിൽ സ്ഥാപിക്കുമോ അതോ രാജ്യതാൽപ്പര്യങ്ങളെ വിശ്വാസത്തിനുമുകളിൽ സ്ഥാപിക്കുമോ എന്നതാണ് നാം അഭിമുഖീകരിക്കാൻ പോകുന്ന ചോദ്യമെന്ന് അംബേദ്‌കർ ആശങ്കപ്പെട്ടിരുന്നു. വിശ്വാസത്തെ രാജ്യത്തിനുമുകളിൽ സ്ഥാപിച്ചാൽ സ്വാതന്ത്ര്യം അപകടത്തിലാകുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നൽകിയിരുന്നു. രാജ്യത്ത്‌ സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളിൽ അസമത്വം തുടരുകയാണ്.

അസമത്വം തുടരുന്നത്‌ ജനാധിപത്യത്തിന്റെ അടിത്തറയെ ദുർബലമാക്കുമെന്ന മുന്നറിയിപ്പും അംബേദ്‌കർ നൽകിയിരുന്നു. അത്തരം വെല്ലുവിളികളെ നേരിട്ട്‌ മുന്നോട്ടുപോകുകയാണ് ജനാധിപത്യം സംരക്ഷിക്കാനുള്ള പ്രധാന കർത്തവ്യമെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ അസംബ്ലിയിലെ 15 വനിതകളിൽ കേരളത്തിൽനിന്നുള്ള ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്‌ക്രീൻ എന്നിവരുടെ സംഭാവനകളെ നന്ദിപൂർവം സ്മരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാരായ അൻവർ സാദത്ത്, പി വി ശ്രീനിജിൻ, സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു, കലക്ടർ ജാഫർ മാലിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കലക്ടറേറ്റ്‌ പരേഡ് ഗ്രൗണ്ടിൽ പ്രൊബേഷണറി ഐപിഎസ് ഓഫീസർ തപോഷ് ബസ്മതാരി പരേഡിന് നേതൃത്വം നൽകി. മുഖ്യാതിഥിയായ മന്ത്രി പി രാജീവ് പതാക ഉയർത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിനാഘോഷസന്ദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top