04 February Saturday

ആലങ്ങാട്‌ വീണ്ടെടുക്കും 
മായാത്ത ശർക്കരമധുരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


കൊച്ചി
മടങ്ങി യെത്തുന്നത്‌, ചരിത്രത്തിലേക്ക്‌ മറഞ്ഞിട്ടും മധുരംമായാത്ത ആലങ്ങാടിന്റെ ശർക്കരപ്പെരുമ. പെരിയാറിന്റെ തെക്കേ തീരത്തെ പച്ച പുതപ്പിച്ച്‌ തലയാട്ടി നിന്ന കരിമ്പിൻപാടങ്ങൾ ആലങ്ങാട്ടെ പഴമക്കാരുടെ ഓർമയിൽ ഇപ്പോഴുമുണ്ട്‌. ഉപ്പില്ലാത്ത ഉണ്ടശർക്കര കഴിച്ചവരുടെ നാവിൽ ആലങ്ങാടിന്റെ മധുരംമാത്രമല്ല, പെരുമ വിളിച്ചോതുന്ന പാട്ടുകളുമുണ്ട്‌. ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിലൂടെയാണ്‌ ആലങ്ങാടും സമീപപഞ്ചായത്തുകളും കരിമ്പുകൃഷിയിലേക്കും ശർക്കര ഉൾപ്പെടെ അനുബന്ധ ഉൽപ്പന്നനിർമാണത്തിലേക്കും മടങ്ങിയെത്തുന്നത്‌.

കരിമ്പിൻപാടങ്ങളും മരച്ചക്കുകളും നീര്‌ കുറുക്കുന്ന ആലകളും നിറഞ്ഞ പെരിയാർ തീരത്തിന്റെ ചിത്രം, ആലങ്ങാടിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച എൺപത്തിമൂന്നുകാരനായ കെ എൻ ഉണ്ണി ഓർക്കുന്നു: ‘തരിയാട്ടിൽ, വിതയത്തിൽ കുടുംബങ്ങളായിരുന്നു പ്രധാന കരിമ്പുകൃഷിക്കാർ. നൂറുകണക്കിന്‌ ചെറുകിടകർഷകർ വേറെയും. തരിയാട്ടിൽ കുടുംബംവക അടുവാത്തുരുത്തിലെ മരച്ചക്കിലാണ്‌ കർഷകർ കരിമ്പാട്ടിയിരുന്നത്‌. പ്രദേശത്ത്‌ മുപ്പതോളം ആലകൾ പ്രവർത്തിച്ചിരുന്നു. നാൽപ്പതോളം തൊഴിലാളികൾ ഓരോ ആലയിലും പണിയെടുത്തു. ദൂരദേശങ്ങളിൽനിന്നുപോലും ശർക്കര വാങ്ങാൻ കച്ചവടക്കാരെത്തി. പറവൂർ, ആലുവ, കൊടുങ്ങല്ലൂർ ചന്തകളിൽ ഇത്‌ സുലഭമായിരുന്നു.

പ്രദേശത്തെ നീർവാർച്ചയുള്ള എക്കൽമണ്ണിന്റെ പ്രത്യേകതമൂലമാണ്‌ ആലങ്ങാടൻ ശർക്കരയ്‌ക്ക്‌ ഉപ്പുരസം ഇല്ലാതിരുന്നത്‌.’ ശർക്കരയുടെ രുചിയെ വാഴ്‌ത്തി ‘ആലങ്ങാടൻ ശർക്കരയുണ്ട ഏറെത്തിന്നാൽ അതികോലാഹലം’ എന്നു തുടങ്ങുന്ന പാട്ട്‌ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നതും ഉണ്ണി മറന്നിട്ടില്ല. ആലത്തിന്‌ കരിമ്പ്‌ എന്നുകൂടി അർഥമുള്ളതിനാൽ ആലങ്ങാട്‌ എന്ന പേരും കരിമ്പിൻകൃഷിപ്പെരുമയിൽനിന്ന്‌ ഉണ്ടായതാണെന്നു കരുതാം. കരിമ്പിൻനീര്‌ കുറുക്കുന്ന സംവിധാനം ആല എന്നാണ്‌ അറിയപ്പെടുന്നത്‌. ആലകളുടെ നാട്‌ ആലങ്ങാടായതുമാകാം.

ആലങ്ങാടിന്റെ കരിമ്പുമധുരം ചരിത്രമായിട്ട്‌ നാലുപതിറ്റാണ്ടിലേറെയായി. പുറംനാടുകളിൽനിന്ന്‌ ശർക്കരവരവ്‌ കൂടിയതും കരിമ്പുകൃഷി ആകർഷകമല്ലാതായതുമൊക്കെയാണ്‌ കാരണം. കരിമ്പുകൃഷി പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ നൂറോളം കർഷകർ താൽപ്പര്യം പ്രകടിപ്പിച്ചതായി ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ കോ–-ഓർഡിനേറ്റർ എം പി വിജയൻ പറഞ്ഞു. ജനുവരിയോടെ കൃഷിയിറക്കും. 50,000 ഏക്കറാണ്‌ ലക്ഷ്യമിടുന്നത്‌. നീരെടുക്കാനും കുറുക്കാനും യന്ത്രവൽകൃത സംവിധാനമുണ്ടാകും. ശർക്കരയ്‌ക്കുപുറമെ ജാം ഉൾപ്പെടെ പന്ത്രണ്ടോളം ഉൽപ്പന്നങ്ങൾ നിർമിക്കാനും പദ്ധതിയുണ്ടെന്ന്‌ എം പി വിജയൻ പറഞ്ഞു.

ആലങ്ങാടന്‍ ശര്‍ക്കര 
2024ല്‍ വിപണിയിൽ 
ഇറക്കും: മന്ത്രി പി രാജീവ്
ആലങ്ങാടിന്റെ പഴയകാല കാര്‍ഷികപ്പെരുമയായ ആലങ്ങാടന്‍ ശര്‍ക്കര 2024ല്‍ വീണ്ടും വിപണിയിൽ ഇറക്കാനാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ‘കൃഷിക്കൊപ്പം കളമശേരി’യുടെ ഭാഗമായി മണ്ഡലത്തിൽ കരിമ്പുകൃഷിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് സഹകരണ ബാങ്ക് പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഉപ്പില്ലാത്ത ആലങ്ങാടന്‍ ശര്‍ക്കര ഏറെ പ്രാധാന്യമുള്ളതാണ്. കരിമ്പുകൃഷിക്ക് പുതിയ സാങ്കേതികവിദ്യകളും ഉപയോഗിക്കും. ഒരുവര്‍ഷമാണ് വിളവെടുപ്പിനുള്ള കാലാവധി.ശര്‍ക്കരയ്‌ക്ക്‌ ഭൗമസൂചികാപദവി നേടിയെടുക്കാന്‍ ശ്രമിക്കും. പാല്‍, മുട്ട, മാംസം എന്നിവയും ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. കരിമ്പുകൃഷി സാധ്യതകളും കൃഷിരീതിയും സംബന്ധിച്ച് തിരുവല്ല കരിമ്പുഗവേഷണകേന്ദ്രം പ്രൊഫസര്‍ ഡോ. വി ആര്‍ ഷാജന്‍ ക്ലാസെടുത്തു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, സ്ഥിരംസമിതി അധ്യക്ഷൻ പി ആർ ജയകൃഷ്ണന്‍, ആലങ്ങാട് കൃഷി ഓഫീസര്‍ ചിന്നു ജോസഫ്, ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി എസ് ദിലീപ്‌കുമാർ, സെക്രട്ടറി കെ ബി ജയപ്രകാശ്, ഭരണസമിതി അംഗം സി പി ശിവന്‍, ബാങ്ക് മോണിറ്ററിങ്‌ കമ്മിറ്റി കണ്‍വീനര്‍ വി ജി ജോഷി, കൃഷിക്കൊപ്പം കളമശേരി കോ–-ഓര്‍ഡിനേറ്റര്‍ എം പി വിജയന്‍, സഹകരണവകുപ്പ് ഓഡിറ്റ് അസിസ്‌റ്റന്റ് ഡയറക്ടര്‍ അബ്ദുള്‍ ഗഫൂര്‍, കൃഷി അസിസ്റ്റന്റ് എസ് കെ ഷിനു, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ടി എന്‍ നിഷില്‍, കൃഷിക്കൊപ്പം കളമശേരി പദ്ധതി നിര്‍വാഹകസമിതി അംഗങ്ങളായ എം എസ് നാസര്‍, എ വി ശ്രീകുമാര്‍ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top