09 February Thursday

എംഎ കോളേജ്‌ വജ്രജൂബിലി ആഘോഷത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


കോതമംഗലം
കോതമംഗലം എംഎ എൻജിനിയറിങ്‌ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ഒരുവർഷം നീളുന്ന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.  കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷതവഹിച്ചു. ഡോ. എ ഉണ്ണിക്കൃഷ്ണൻ, എ ജി ജോർജ്, ജോർജ് കെ പീറ്റർ, എം എം ഐസക്, ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

ആഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ശാസ്ത്രസാങ്കേതിക പ്രദർശനത്തിൽ ഐഎസ്ആർഒ, കൊച്ചി കപ്പൽശാല, വ്യവസായവകുപ്പ്, എക്സൈസ് വകുപ്പ്, ബാംബൂ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ശ്രദ്ധേയമായി. ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശനിർമിത കാറുകൾ ഉൾപ്പെടെ അത്യാധുനികസൗകര്യങ്ങളുള്ള 15 വിദേശനിർമിത കാറുകളും 12 വിദേശനിർമിത ബൈക്കുകളും അവതരിപ്പിക്കുന്ന ടെലെ വ്രജ മേസ് പ്രദർശനവും ശ്രദ്ധയാകർഷിച്ചു. രാത്രിയിലെ കൊറിയോ നൈറ്റ് മത്സരത്തിൽ വിവിധ കോളേജുകളിലെ പ്രൊഫഷണൽ ടീമുകൾ പങ്കെടുത്തു. വിവിധ ബ്രാഞ്ചുകളിലെ എൻജിനിയറിങ്‌ വിദ്യാർഥികൾ നിർമിച്ച പിക് ആൻഡ്‌ പ്ലെയിസ് റോബോട്ട്, ജെസ്റ്റർ കൺട്രോൾഡ് റോബോട്ട്, ഓട്ടോണമസ് റോബോട്ട് തുടങ്ങി മുപ്പതോളം റോബോട്ടുകളുടെ നിര പ്രദർശനത്തിന് തയ്യാറായിട്ടുണ്ട്.

കോതമംഗലത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി ഹെലികോപ്റ്റർ യാത്രയും ഏർപ്പെടുത്തി. അമ്യൂസ്‌മെന്റ് റൈഡുകൾ, അമ്പതോളം വിപണനസ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവയുമുണ്ട്. അന്താരാഷ്‌ട്ര കോൺഫറൻസുകൾ, ദേശീയ സെമിനാറുകൾ, 14 വിദേശ രാജ്യങ്ങളിൽനിന്നടക്കം പൂർവവിദ്യാർഥികൾ പങ്കെടുക്കുന്ന "ഗ്ലോബൽ അലുമ്നി മീറ്റ്' എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top