25 January Saturday

തൃപ്‌തിയെ ഇറക്കി സംഘർഷത്തിന്‌ ശ്രമം ; ബിന്ദു അമ്മിണിക്ക്‌ കുരുമുളക്‌ സ്‌പ്രേ; ഒരാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019

മുഖത്ത്‌ കുരുമുളക്‌ സ്‌പ്രേയടിച്ച ശ്രീനാഥ്‌ പത്മനാഭനെ ബിന്ദുഅമ്മിണി പൊലീസിന്‌ കാണിച്ച്‌ കൊടുക്കുന്നു


കൊച്ചി
ശബരിമലയിൽ കയറണമെന്ന ആവശ്യവുമായി തൃപ്‌തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്ത്‌ സംഘപരിവാർ നേതാവ്‌ കുരുമുളകുസ്‌പ്രേ അടിച്ചു. ഹിന്ദു ഹെൽപ്‌ലൈൻ നേതാവ്‌ ശ്രീനാഥ്‌ പത്മനാഭനാണ്‌ സ്‌പ്രേ അടിച്ചത്‌. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്ത ഇയാളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മണ്ഡലകാലത്ത്‌ വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ്‌ തൃപ്‌തി പ്രശാന്ത്‌ ദേശായി മറ്റ്‌ ആറ്‌ സ്‌ത്രീകൾക്കൊപ്പമെത്തിയത്‌. ശബരിമലയിലേക്ക്‌ പോകാതെ ഇവർ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ ഓഫീസിലാണെത്തിയത്‌.  മുന്നറിയിപ്പില്ലാതെ എത്തിയ ഇവർക്കൊപ്പംതന്നെ ബിജെപി –- ആർഎസ്‌എസ്‌  പ്രവർത്തകരും പ്രതിഷേധവുമായെത്തിയത്‌ ഗൂഡാലോചനയ്‌ക്ക്‌ തെളിവായി. 

സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന തൃപ്‌തി ദേശായിയും അഞ്ചു സ്‌ത്രീകളും ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചോടെ  പുണെയിൽനിന്ന്‌ നെടുമ്പാശേരിയിലെത്തി. ഭൂമാതാ ബ്രിഗേഡ്‌ പ്രവർത്തകയായ ബിന്ദു അമ്മിണി ഇവിടെനിന്ന്‌ സംഘത്തോടൊപ്പം ചേർന്നു. തുടർന്ന്‌ ഏഴുപേരും 7.15ഓടെ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ ഓഫീസിലെത്തി. ഇവർക്കൊപ്പംതന്നെയാണ്‌ പ്രതിഷേധവുമായി സംഘപരിവാറുകാരുമെത്തിയത്‌. കമീഷണർ ഓഫീസിൽ പൊലീസുമായി  സംസാരിക്കുന്നതിനിടെ ബിന്ദു അമ്മിണി പുറത്തിറങ്ങി. ഉടനെ പ്രതിഷേധക്കാരിലൊരാൾ ഓടിവന്ന്‌ മുഖത്ത്‌ കുരുമുളകുസ്‌പ്രേ അടിക്കുകയായിരുന്നു. ചില ബിജെപി നേതാക്കൾ  കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ്‌ ഇടപെട്ട്‌ ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ചു. 

യുവതീപ്രവേശ വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലായതിനാൽ ശബരിമലയ്‌ക്ക്‌ പോകാൻ  സംരക്ഷണം നൽകില്ലെന്ന്‌  പൊലീസ്‌ അറിയിച്ചു. ഇക്കാര്യം എഴുതിത്തരണമെന്ന തൃപ്‌തി ദേശായിയുടെ ആവശ്യം പൊലീസ്‌ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്ന്‌ അവർ പിന്നീട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. പകൽ മുഴുവൻ കമീഷണർ ഓഫീസിൽ കഴിഞ്ഞ സംഘം പത്തരയ്‌ക്ക്‌ നെടുമ്പാശേരിയിൽ നിന്ന്‌ പൂനെയിലേക്ക്‌  മടങ്ങി.
കഴിഞ്ഞവർഷവും മണ്ഡലകാലത്ത്‌ തൃപ്‌തി ശബരിമലയ്‌ക്കു പോകാൻ എത്തിയിരുന്നു.  തൃപ്‌തി ദേശായിയും സംഘവും വിമാനമിറങ്ങിയതുമുതൽ ബിജെപി ചാനലായ ജനം ടിവി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top