22 October Tuesday

ഈ ചങ്ങല രാജ്യരക്ഷയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019


കൊച്ചി
രാജ്യരക്ഷാ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീർത്ത്‌ തൊഴിലാളികൾ. സേനകൾക്ക്‌ ആവശ്യമായ ആയുധങ്ങളും അനുബന്ധ സാമഗ്രികളും നിർമിക്കുന്ന 41 ഓർഡനൻസ്‌ ഫാക്ടറികളാണ്‌ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കുന്നത്‌. ഇതിനെതിരെ ഓർഡനൻസ്‌ ഫാക്ടറി ജീവനക്കാർ നടത്തിയ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്‌ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്‌. 

സർക്കാർ തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലും മനുഷ്യച്ചങ്ങലയിലും നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്നു. നേവൽബേസ്‌, കപ്പൽശാല, തുറമുഖം, എൻഎഡി, റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവനക്കാരും ചുമട്ടുതൊഴിലാളികളും ഉൾപ്പെടെ മനുഷ്യച്ചങ്ങലയിൽ ഒറ്റക്കെട്ടായി പങ്കുചേർന്ന്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന്‌ പ്രതിജ്ഞയെടുത്തു. നേവൽബേസ്‌ പ്രധാന ഗേറ്റുമുതൽ കപ്പൽശാലാ ഗേറ്റ്‌ വരെയായിരുന്നു മനുഷ്യച്ചങ്ങല.

പ്രതിഷേധസംഗമം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ ജിഡിപിയിൽ 4.5 ലക്ഷം കോടി വരുന്ന പ്രതിരോധ വ്യവസായങ്ങളുടെ വിപണി ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കമെന്ന്‌ ചന്ദ്രൻപിള്ള പറഞ്ഞു. മികച്ച സാങ്കേതികവിദ്യയുള്ള  ഇന്ത്യയിൽ പ്രതിരോധരംഗത്ത്‌ വിദേശനിക്ഷേപത്തിന്റെ ആവശ്യമില്ല. ഇതുവഴി തുറന്നുകിട്ടുന്ന വിപണിയിലാണ്‌ കണ്ണ്‌. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ടത്‌ പൗരന്മാരുടെ കടമയാണെന്നും ചന്ദ്രൻപിള്ള പറഞ്ഞു.

ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി കെ രമേശൻ അധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ കെ എൻ ഗോപി (എഐടിയുസി), അഡ്വ. ടി ബി മിനി (ടിയുസിഐ), എസ്‌ എസ്‌ അനിൽ, കെ എസ്‌ രമ (ബെഫി), മുഹമ്മദ്‌ ഹനീഫ (എച്ച്‌എംഎസ്‌), മുളവുകാട്‌ തങ്കപ്പൻ (ഐഎൻഎൽസി), പി സി സതീഷ്‌ (ഓൾ കേരള എംഇഎസ്‌ എംപ്ലോയീസ്‌ യൂണിയൻ), കെ ജയചന്ദ്രൻനായർ (ഓൾ ഇന്ത്യ ഡിഫൻസ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ), വി പി ഡാനിയൽ, ബാസ്‌റ്റിൻ മനോഹർ (ഇന്ത്യൻ നാഷണൽ ഡിഫൻസ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ), ജോസി കെ ചിറപ്പുറം (കൊച്ചിൻ നേവൽ ബേസ്‌ സിവിലിയൻ വർക്കേഴ്‌സ്‌ യൂണിയൻ) എന്നിവർ സംസാരിച്ചു.
എഐഡിഇഎഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ ബാലകൃഷ്‌ണൻ സ്വാഗതവും സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജില്ലാ കൺവീനർ സി കെ മണിശങ്കർ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top