06 July Wednesday

വരുന്നു ജോ, വഴിനീളെ വസന്തം...

ജോബിൻസ്‌ ഐസക്‌Updated: Friday May 27, 2022

ചക്കരപ്പറമ്പിൽ വോട്ടർമാർക്കൊപ്പം ഫോട്ടോയെടുക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്


തൃക്കാക്കര
സ്‌നേഹപ്പൂത്താലം നീട്ടി വഴിനീളെ വസന്തം. തെയ്യക്കോലങ്ങൾ, തിറയാട്ടങ്ങൾ, കുരുത്തോലക്കിരീടങ്ങൾ. ചെങ്കുടകളും ചെങ്കൊടികളും വിരിച്ച്‌ ആരവം. അതിനുള്ളിൽ ആനന്ദനൃത്തം ചവിട്ടി തൃക്കാക്കര. ഡോ. ജോ ജോസഫിന്റെ പൊതുപര്യടനം അവസാനദിനങ്ങളിലേക്ക്‌ കടക്കുമ്പോൾ ആവേശം ഉച്ചസ്ഥായിയിൽ‌. താളംമുറിയാതെ കലാശത്തിലേക്ക്‌ ചിട്ടയോടെ പെരുക്കിക്കയറ്റുന്ന മേളവട്ടത്തിന്റെ മുഴക്കമാണെങ്ങും. 

വെണ്ണല ഹൈസ്‌കൂൾ ജങ്‌ഷനിൽ കുരുത്തോലക്കിരീടം അണിയിച്ച്‌ വരവേൽപ്പ്‌. ഡോ. ജോ ജോസഫിന്റെ ചിത്രം പതിച്ച ഉടുപ്പുകളും ചിഹ്നം വരച്ച തൊപ്പിയും ധരിച്ച്‌ യുവാക്കളും കുട്ടികളും. ഭദ്രകാളിയുടെ തെയ്യക്കോലമണിഞ്ഞ്‌ നടൻ ലെനിൻ മങ്കുഴിത്തൊണ്ടിയിൽ. കരിക്കിൻകുല നൽകി തെയ്യത്തിന്റെ അനുഗ്രഹം. ആളുകൂടി ജങ്ഷനിൽ കുരുക്കാകാതിരിക്കാൻ ഡോക്ടർ പ്രസംഗം ചുരുക്കി. അവിടെനിന്ന്‌ കോട്ടപ്പറമ്പിൽ മാളിയേക്കൽ അബ്ദുൾ ഖാദറിന്റെ വീട്ടിലേക്ക്‌. ഡോക്ടർ ചികിത്സിക്കുന്ന മരുമകൻ പരീത്‌ എല്ലാം പറഞ്ഞിട്ടുണ്ടെന്ന്‌ അവരുടെ ഉറപ്പ്‌. കൊറ്റങ്കാവിലെത്തുമ്പോൾ നാസിക് ഡോലിൽ പഞ്ചാബിത്താളമിട്ട്‌ ടീം ചക്കരക്കൂട്ടം വന്നെങ്കിൽ ശാന്തിനഗറിൽ ശ്രീനാദം വാദ്യകലാസംഘത്തിന്റെ ശിങ്കാരിമേളച്ചൂട്‌. മുഷ്‌ടിചുരുട്ടി കുരുന്ന്‌ അദ്വൈതിന്റെ അഭിവാദ്യം. യാത്രയ്‌ക്കിടെ വീടുകളിൽനിന്ന്‌ ഇറങ്ങിവന്ന്‌ സ്‌ത്രീകളും കുട്ടികളും ഡോ. ജോ ജോസഫിനെ അഭിവാദ്യം ചെയ്‌തു. കുട്ടനിറയെ പനീർചാമ്പയ്‌ക്കമധുരം. 

കടൂക്കൽ നവാസും കുടുംബവും കോളിഫ്ലവർകെട്ടുമായി വഴിയരികിൽ. കണിയാവേലിയിൽ വരിക്കച്ചക്കയും പഴക്കുലയും. ഡോ ജോ–- 100 എന്നെഴുതിയ ചുവപ്പ്‌ ജേഴ്‌സി നൽകിയത്‌ പ്ലസ്‌ടു വിദ്യാർഥിനി സുഹാന സുധീർ. ശാന്തിനഗറിൽ ശങ്കരാടിമഠത്തിൽ മുരളി സമ്മാനിച്ചത്‌ ഡോ. ജോ ജോസഫ്‌ എഴുതിയ ‘ഹൃദയപൂർവം ഡോക്ടർ’ എന്ന പുസ്‌തകം. അൽപ്പനേരം മന്ത്രി ശിവൻകുട്ടിയും സ്ഥാനാർഥിക്കൊപ്പം കൂടി.
തോൽവി ഭയന്ന്‌ അപവാദപ്രചാരണത്തിലേക്ക്‌ തിരിഞ്ഞ യുഡിഎഫിന്‌ അത്‌ അബദ്ധമായെന്ന്‌ ഓർമിപ്പിച്ച പിന്തുണയാണ്‌ ഡോ. ജോ ജോസഫിന്‌ ഓരോ സ്വീകരണകേന്ദ്രത്തിലും. ആരും വിളിക്കാതെ ആളുകൾ എത്തുന്നു. ചക്കരപ്പറമ്പിൽ പര്യടനവാഹനം എത്തുമ്പോൾ ഒരു റാലിയുടെ ജനക്കൂട്ടം. വാദ്യമേളങ്ങൾക്കൊപ്പം ചുവടുവച്ച്‌ യുവാക്കൾ. ചെണ്ടക്കൂറ്റും ചിലമ്പൊലിയുമായി കൊച്ചിൻ പാണ്ഡവാസിന്റെ തെയ്യക്കോലങ്ങൾ. കരിങ്കാളിയും പരുന്തും. വിജയലക്ഷ്‌മി ആശുപത്രിയിലേക്ക്‌ രോഗിയുമായി എത്തിയ വാഹനത്തിനായി ആരവക്കടൽ പിളർന്നുമാറി വീഥിയൊരുക്കി. 

പ്രചാരണം അവസാനറൗണ്ടിലേക്ക്‌ കടന്നതോടെ പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച പാലാരിവട്ടം കരോളിൻ ഹാളിനുമുന്നിലും ഇടപ്പള്ളി മോഡേൺ ബ്രഡ്‌ കമ്പനിക്കുമുന്നിലും പൊതുയോഗങ്ങളിൽ സംസാരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കടവന്ത്രയിൽ പ്രചാരണത്തിനിറങ്ങി. രാത്രി പാലച്ചുവട് ടർഫ്‌ ഗ്രൗണ്ടിൽ ജനപ്രതിനിധികളുടെ ഫുട്‌ബോൾ മത്സരവുമുണ്ടായി.

വ്യാഴാഴ്ച യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസിന്റെ പ്രചാരണത്തിന്‌ കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, എം എം ഹസൻ ഉൾപ്പെടെയുള്ള നേതാക്കളാണ്‌ നേതൃത്വം നൽകിയത്‌. കാക്കനാട്‌ മേഖലയിലായിരുന്നു പര്യടനം. എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ പേട്ട, പൂണിത്തുറ, കടവന്ത്ര മേഖലകളിൽ പര്യടനം നടത്തി. കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണരംഗത്തുണ്ട്‌.

ഡോ. ജോ ജോസഫിന്റെ വ്യാഴാഴ്‌ചത്തെ പര്യടനം രാവിലെ ചളിക്കവട്ടം കൃഷ്ണപിള്ള ജങ്‌ഷനിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയും ഉച്ചയ്‌ക്ക്‌ ശേഷം തൈക്കൂടത്ത്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top