Deshabhimani

എറണാകുളം മാർക്കറ്റ്‌ സമുച്ചയം മഹാനഗരത്തിന്റെ അടയാളമാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:38 AM | 0 min read


കൊച്ചി
മഹാനഗരത്തിന്റെ തലപ്പൊക്കമായി മാറാൻപോകുന്ന എറണാകുളം മാർക്കറ്റ്‌ സമുച്ചയം ഡിസംബർ 13ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. നഗരത്തിലെ ഏതൊരു ബഹുനിലമന്ദിരത്തോടും കിടപിടിക്കുന്ന വാസ്‌തുഭംഗിയും സൗകര്യങ്ങളും ഒത്തിണങ്ങിയതാണ്‌ പുതിയ മാർക്കറ്റ്‌ സമുച്ചയം. നൂറ്റാണ്ട്‌ പഴക്കംചെന്ന്‌ ജീർണാവസ്ഥയിലായിരുന്ന കച്ചവടശാലകൾ പൊളിച്ചുനീക്കിയ സ്ഥാനത്താണ്‌ കൊച്ചിയുടെ പുതിയ കൗതുകങ്ങളിലൊന്നാകാൻ പോകുന്ന കച്ചവടകേന്ദ്രം തലയുയർത്തിനിൽക്കുന്നത്‌.

ഏറ്റവും വേഗത്തിലാണ്‌ കെട്ടിടത്തിന്റെയും അനുബന്ധസൗകര്യങ്ങളുടെയും നിർമാണവും സജ്ജീകരണവും പൂർത്തിയാക്കിയത്‌. 2022 ഫെബ്രുവരിയിലാണ്‌ നിർമാണമാരംഭിച്ചത്‌. ആകെ നാലുനിലകളുള്ള മന്ദിരത്തിന്‌ 19,822.14 ചതുരശ്രമീറ്റർ വിസ്‌തീർണമുണ്ട്‌. വ്യാപാരസമൂഹത്തിന്റെയും മാർക്കറ്റിനെ ആശ്രയിക്കുന്നവരുടെയും താൽപ്പര്യം മുൻനിർത്തി ഒരുദിവസംപോലും മുടങ്ങാതെയാണ്‌ നിർമാണം നടന്നത്‌. 

ആധുനികസൗകര്യങ്ങൾ
മുന്നൂറോളം വ്യാപാരസ്ഥാപനങ്ങൾക്കുള്ള സൗകര്യമാണ്‌ സമുച്ചയത്തിലുള്ളത്‌. ഗ്രൗണ്ട്, ആദ്യനിലകളിൽ പച്ചക്കറി, പഴവർഗങ്ങൾ, മുട്ട, സ്റ്റേഷനറി, കയർ–-കുട്ട, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളാണ്‌. രണ്ടും മൂന്നും നിലകൾ കടകളായി തിരിച്ചിട്ടില്ല. വാണിജ്യ, ഓഫീസ്‌ ആവശ്യത്തിന്‌ ആവശ്യംപോലെ വിനിയോഗിക്കാനാണിത്‌. ഒന്നാംനിലയിൽ സാധനങ്ങളുടെ കയറ്റിറക്ക്‌ സൗകര്യമുണ്ട്‌. താഴത്തെ നിലയിൽനിന്ന്‌ ഒന്നാംനിലയിലേക്ക്  വാഹനങ്ങൾ കയറ്റാൻ റാംപും തയ്യാറാക്കിയിട്ടുണ്ട്‌. ബേസ്‌മെന്റിലാണ്‌ വാഹന പാർക്കിങ്‌. മലിനജല സംസ്‌കരണ പ്ലാന്റും ഇവിടെത്തന്നെ. മാലിന്യം സംസ്കരിക്കാൻ ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റും മാർക്കറ്റിനോടനുബന്ധിച്ച്‌ സജ്ജമാണ്‌. ആകെ 1.63 ഏക്കർ സ്ഥലമാണ്‌ മാർക്കറ്റിന്റെ ഭാഗമായുള്ളത്‌.

നഗരത്തിലെ 
ആദ്യ മൾട്ടിലെവൽ 
കാർ പാർക്കിങ്‌
സ്‌മാർട്ട്‌ സിറ്റി മിഷൻ പദ്ധതിയിലാണ്‌ അത്യാധുനിക മാർക്കറ്റ്‌ സമുച്ചയം ഉയർന്നത്‌. ആകെ നിർമാണച്ചെലവ്‌ 72.69 കോടി രൂപയാണ്‌. നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിങ്ങും (എംഎൽപി) ഇവിടെയാണ്. 120 കാറുകൾക്കും 100 ബൈക്കുകൾക്കും പാർക്ക് ചെയ്യാം. 24.65 കോടി രൂപ മുതൽമുടക്കുള്ള എംഎൽപിയുടെ പ്രാരംഭജോലികൾ തുടങ്ങി.

പരിപാലനത്തിനും 
അറ്റകുറ്റപ്പണികൾക്കും 
സംവിധാനം
മാർക്കറ്റ്‌ സമുച്ചയത്തിന്റെ ശുചിത്വത്തോടെയുള്ള പരിപാലനവും ഭാവിയിലെ അറ്റകുറ്റപ്പണികളുമാണ്‌ പ്രധാന വെല്ലുവിളികളിലൊന്ന്‌. ആദ്യ ഒരുവർഷം കരാറുകാരന്റെ നേതൃത്വത്തിലാണ്‌ പരിപാലനവും അറ്റകുറ്റപ്പണികളും. അതിനാവശ്യമായ പണം കോർപറേഷൻ നൽകുമെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. തുടർന്ന്‌ പരിപാലനത്തിന്‌ പ്രത്യേക സംവിധാനം ആലോചിക്കുന്നുണ്ട്‌. വ്യാപാരിസമൂഹത്തിന്റെ സഹകരണത്തോടെ മികച്ചനിലയിൽ പരിപാലനം നടപ്പാക്കാനാണ്‌ ആലോചിക്കുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home