28 November Saturday

പി ടി തോമസ്‌ രാജിവയ്‌ക്കണം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


കൊച്ചി
ഭൂമാഫിയയുടെ കൂടെ പ്രവർത്തിച്ച്‌ പി ടി തോമസ്‌ എംഎൽഎ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കള്ളപ്പണം ഇടപാടിൽ എംഎൽഎയുടെ പങ്ക്‌ വിജിലൻസ്‌ അന്വേഷിക്കണം. പി ടി തോമസ്‌ ഈ വിഷയത്തിൽ കാര്യങ്ങൾ സ്വയം തുറന്നുപറഞ്ഞ്‌ തെറ്റ്‌ സമ്മതിച്ചശേഷം രാജിവയ്‌ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കള്ളപ്പണം ഇടപാടിന്റെയും ഭൂമി മാഫിയസംഘത്തിന്റെയും ഏജന്റായ പി ടി തോമസ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കുക,  ഇടപാടിൽ എംഎൽഎയുടെ പങ്ക് സർക്കാർ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ എൽഡിഎഫ്‌ കാക്കനാട്‌‌ സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

നിയമവിരുദ്ധ പ്രവർത്തനമാണ്‌ നടത്തിയതെന്ന്‌ പി ടി തോമസിന്‌ ബോധ്യമുണ്ടായിരുന്നു. തെറ്റ്‌ ചെയ്യുന്ന എംഎൽഎമാരെ തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക്‌ അധികാരമില്ല. അതിനാൽ, അദ്ദേഹം സ്വയം രാജിവയ്‌ക്കണം. കള്ളപ്പണം ഇടപാടിന്റെ ഭാഗമായി എംഎൽഎ മാറിയത്‌ ഗൗരവകരമാണ്‌. ഊരാക്കുടുക്കിൽനിന്ന്‌ രക്ഷപ്പെടാൻ എന്ത്‌ നുണയും പറഞ്ഞ്‌ ന്യായീകരിക്കുകയാണ്‌ അദ്ദേഹം. മുൻ മുഖ്യമന്ത്രിമാർവരെ വസ്‌തുത മനസ്സിലാക്കാതെ അദ്ദേഹത്തെ ന്യായീകരിക്കുന്നു. പി ടി തോമസിനെ തിരുത്താൻ ശ്രമിക്കുന്നതിനുപകരം അവർ മഹത്വവൽക്കരിക്കുകയാണ്‌.

എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയ സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗം എ എൻ സന്തോഷിനുനേരെ വധശ്രമമുണ്ടായി. ഈ സംഘത്തെ ആരാണ്‌ നിയോഗിച്ചതെന്ന്‌ അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം  കളമശേരി ഏരിയ സെക്രട്ടറി എം ഇ ഹസൈനാർ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ജോൺ ഫെർണാണ്ടസ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജോസ് പുത്തൻവീട്ടിൽ, കെ എം കുഞ്ഞുമോൻ, എ എ ബാവ, കെ ടി എൽദോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top