12 August Wednesday

ഇബ്രാഹിംകുഞ്ഞിനെയും മകനെയും നീക്കണം ;നിലപാടിലുറച്ച്‌ ജില്ലാ‌ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


കൊച്ചി
മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അച്ചടക്കനടപടിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന നിലപാടിലുറച്ച്‌ മുസ്ലിംലീഗ്‌ എറണാകുളം ജില്ലാ കമ്മിറ്റി. ഇബ്രാഹിംകുഞ്ഞിനും മകൻ വി ഇ അബ്‌ദുൾ ഗഫൂറിനുമെതിരായ പരാതി ചർച്ച ചെയ്യാൻ മലപ്പുറത്തെ ലീഗ്‌ ഹൗസിൽ വിളിച്ച യോഗത്തിലാണ്‌ ജില്ലയിൽനിന്നുള്ള നേതാക്കൾ മുൻനിലപാട്‌ ആവർത്തിച്ചത്‌.

ഡോ. എം കെ മുനീറും ബഷീർ രണ്ടത്താണിയും അംഗങ്ങളായി ലീഗ്‌ ഉന്നതാധികാര സമിതി നിയോഗിച്ച അന്വേഷണ കമീഷനാണ്‌ ഇരുപക്ഷത്തെയും ചർച്ചയ്‌ക്ക്‌ വിളിച്ചത്‌. ജില്ലാ നേതൃത്വം മുൻനിലപാടിൽ ഉറച്ചുനിന്നതോടെ പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർടിയിലും ഇബ്രാഹിംകുഞ്ഞ്‌ ഒറ്റപ്പെടുകയാണ്‌. 

ജില്ലാ കമ്മിറ്റിയിലെ പ്രധാന നേതാക്കൾക്കെതിരെ അപകീർത്തികരമായ വ്യാജരേഖ ചമച്ചതിനാണ്‌ ഇബ്രാഹിംകുഞ്ഞിനും ജില്ലാ ജനറൽ സെക്രട്ടറികൂടിയായ മകൻ അബ്‌ദുൾ ഗഫൂറിനുമെതിരെ ഒരുവിഭാഗം പരാതി നൽകിയത്‌. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ പത്തുകോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്‌ കുത്തിപ്പൊക്കിയതിനുപിന്നിൽ ലീഗ്‌ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗമാണെന്നായിരുന്നു വ്യാജരേഖയിൽ പറഞ്ഞിരുന്നത്‌.

സംസ്ഥാന കമ്മിറ്റി അംഗം കെ എസ്‌ ഹംസ, എറണാകുളം ജില്ലാ സെക്രട്ടറി ഹംസ പാറക്കാട്ട്‌, എസ്‌ടിയു ജില്ലാ ജനറൽ സെക്രട്ടറി ടി എസ്‌ അബൂബക്കർ, യൂത്ത്‌ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി എ അഹമ്മദ്‌ കബീർ, എസ്‌ടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പിഎംഎ ലത്തീഫ്‌ എന്നിവരാണ്‌ കേസിന്‌ പിന്നിലെന്ന്‌ ഇബ്രാഹിംകുഞ്ഞിന്റെ‌ പരാതി‌.  ഇതേത്തുടർന്നാണ്‌ ഉന്നതാധികാര സമിതി രണ്ടംഗ കമ്മിറ്റിയെ അന്വേഷണത്തിന്‌ നിയോഗിച്ചത്‌. ഇബ്രാഹിംകുഞ്ഞ്‌ പ്രതിചേർത്തവരിൽ പി എം എ ലത്തീഫ്‌ ഒഴികെ എല്ലാവരും മലപ്പുറത്ത്‌ വിളിച്ച ചർച്ചയിൽ പങ്കെടുത്തു. മറുപക്ഷത്തുനിന്ന്‌ ഇബ്രാഹിംകുഞ്ഞും മകനും ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി എം അബ്ബാസും പങ്കെടുത്തു.

നേരത്തെ പാണക്കാട്‌ തങ്ങളുടെ പ്രതിനിധിയായി യൂത്ത്‌ ലീഗ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ മുഈൻ അലി ജില്ലയിലെത്തി ഇരുപക്ഷവുമായി അനുരഞ്ജനത്തിന്‌ ശ്രമിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെത്തുടർന്ന്‌ പാണക്കാട്‌ തങ്ങളുടെ നിർദേശമനുസരിച്ചാണ്‌ ഇത്‌. അബ്‌ദുൾ ഗഫൂറിനെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കിയുള്ള ഒത്തുതീർപ്പാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. അത്‌ അംഗീകരിക്കാതിരുന്ന ജില്ലാ നേതൃത്വം, തെരഞ്ഞെടുത്ത എല്ലാ പാർടി സ്ഥാനങ്ങളിൽനിന്നും ഇബ്രാഹിംകുഞ്ഞിനെയും മകനെയും ഒഴിവാക്കണമെന്ന നിലപാടാണ്‌ മുഈൻ അലിയെ അറിയിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top