ചോറ്റാനിക്കര
വർഷങ്ങളായി പോളപ്പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അടിയാക്കൽ വലിയതോട്ടിൽ ഇനി തെളിനീരൊഴുകും. പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിലാണ് പൊതുജന പങ്കാളിത്തത്തോടെ തോട് ആഴംകൂട്ടി വൃത്തിയാക്കുന്നത്.
1.5 കിലോമീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള തോട്ടിൽ പുത്തൻപാലംമുതൽ മോപ്പാട്ടുതാഴംവരെയാണ് നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നത്. ഫ്ലോട്ടിങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചെളി നീക്കംചെയ്ത് ഇരുവശവും ഉയരംകൂട്ടും. കൃഷിയിടങ്ങളിൽനിന്നുള്ള വെള്ളം തോട്ടിലേക്ക് ഒഴുകാൻ 10 ചാലുകളാണ് നിർമിക്കുന്നത്.
അശാസ്ത്രീയമായി തോടിനുകുറുകെ ഗ്യാസ് പൈപ്പ്‌ലൈൻ ഇട്ടതും നീരൊഴുക്ക് തടസ്സപ്പെടാനിടയാക്കി. സ്വാഭാവിക നീരൊഴുക്ക് ഉണ്ടായാൽ തോടിന്റെ ഇരുവശത്തുകൂടി വാക്‌വേ നിർമിക്കാനും സോളാർ ലൈറ്റുകളും പെഡൽ ബോട്ടുകളും സ്ഥാപിച്ച് ടൂറിസം വികസനവും സാധ്യമാകും നെൽക്കൃഷിക്കും പദ്ധതി ഉണർവാകും. പുത്തൻപാലത്തും മോപ്പാട്ടുതാഴത്തും ഹൈപവർ മോട്ടോർ പമ്പുകൾ സ്ഥാപിക്കും. കിടങ്ങയം, പള്ളിപ്പുറം പുഞ്ച, ചോറ്റാനിക്കര പുഞ്ച, കണയന്നൂർ, മനയ്ക്കത്താഴം പാടശേഖരങ്ങളിലെ തോടുകളിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം അടിയാക്കൽ വലിയതോട്ടിലൂടെയാണ് ഒഴുകിയിരുന്നത്. കഴിഞ്ഞവർഷം വെള്ളക്കെട്ടുമൂലം പള്ളിപ്പുറം പുഞ്ച, ചോറ്റാനിക്കര പുഞ്ച എന്നിവിടങ്ങളിൽ കൊയ്ത്ത്–-മെതി യന്ത്രം ഇറക്കാനായില്ല. ഇതോടെ ഏക്കറോളം പാടങ്ങളിലെ വിളഞ്ഞുകിടന്ന നെല്ല്, കർഷകർ ഉപേക്ഷിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിൽ കൃഷിക്കും വിനോദസഞ്ചാരത്തിനും മുന്നേറ്റം സാധ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..