31 March Tuesday

കൂലിത്തർക്കം: ചുമടിറക്കി സിപിഐ എം പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


കളമശേരി
അവശ്യസാധനങ്ങളുമായി മാവേലി സ്‌റ്റോറിലെത്തിയ വാഹനത്തിലെ ലോഡിറക്കാൻ അമിതകൂലി ആവശ്യപ്പെട്ട്‌ ഐഎൻടിയുസി തൊഴിലാളികൾ. കൂലിത്തർക്കം മൂത്ത്‌ തൊഴിലാളികൾ നിസ്സഹകരിച്ചതോടെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ട് ലോഡിറക്കി. മഞ്ഞുമ്മൽ മാവേലി സ്റ്റോറിലാണ്‌ സംഭവം. ഉയർന്ന കൂലി ലഭിക്കണമെന്ന നിലപാടിലായിരുന്നു ചുമടിറക്കുന്ന ഐഎൻടിയുസി തൊഴിലാളികൾ. അംഗീകൃത കൂലിയേക്കാൾ ഉയർന്ന കൂലി കിട്ടണമെന്ന്‌ നിർബന്ധം പിടിച്ച്‌ ഇവിടെ ഐഎൻടിയുസി ചുമട്ടുതൊഴിലാളികൾ ചുമട്‌ ഇറക്കിയിരുന്നില്ല. ഇതോടെ മാവേലി സ്റ്റോറിൽ സാധനങ്ങളില്ലാതെ നാട്ടുകാർ ബുദ്ധിമുട്ടിലായി. പ്രശ്‌നം പരിഹരിക്കാൻ മാവേലി സ്റ്റോർ ജീവനക്കാർ നഗരസഭാ അധികൃതരുടെ സഹായം തേടി. ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കളുമായി പ്രശ്നം ചർച്ച ചെയ്തെങ്കിലും   തൊഴിലാളികൾ വഴങ്ങിയില്ല.

ഇതോടെ കളമശേരി നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനും സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അംഗവുമായ എ ഡി സുജിൽ സാധനങ്ങൾ ഇറക്കാൻ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ സന്നദ്ധരാണെന്നറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടു ലോറികളിലായി എത്തിച്ച ഒരു ടൺ അരി, തേയില, പഞ്ചസാര, കടല, പയർ, വെളിച്ചെണ്ണ എന്നിവ പ്രവർത്തകർ മിനുറ്റുകൾക്കകം ഇറക്കി. തുടർന്ന് നാട്ടുകാർ സാധനങ്ങൾ വാങ്ങി. കൗൺസിലർ എ കെ നവാസ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ ആർ രഞ്ജിത്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അബ്ദുൾ സമദ്, പി എ ഷെരീഫ്, എം എൽ റഫീഖ്, മെബിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top