20 April Saturday

റെയിൽവേ സ‌്റ്റേഷനുകൾ ഇപ്പോ ശര്യാക്കിത്തരാം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

പിറവം
തെരഞ്ഞെടുപ്പുകളിൽ എക്കാലവും പിറവത്ത‌് യുഡിഎഫ‌് നൽകുന്ന വാഗ‌്ദാനപ്പെരുമഴയിലെ പ്രധാന ഇനമാണ‌് റെയിൽവേ വികസനം. ജോസ‌് കെ മാണി എംപിയും  ഇക്കാര്യം ഒഴിവാക്കിയില്ല. പക്ഷേ, ഇപ്പോൾ പിറവത്തെ ജനങ്ങൾ ചോദിക്കുന്നു. ‘റെയിൽവേ സ‌്റ്റേഷനുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത‌് ജോസ‌് കെ മാണി അറിഞ്ഞു കാണുമോ?’ പിറവം മണ്ഡലത്തിന്റെ കുരീക്കാട‌് (ചോറ്റാനിക്കര), കാഞ്ഞിരമറ്റം റെയിൽവേ സ‌്റ്റേഷനുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ‌്. വൻ വികസനസാധ്യതയുള്ള മുളന്തുരുത്തി സ‌്റ്റേഷനാകട്ടെ നിരന്തര അവഗണനയിലും. ഒന്നരവർഷം മുമ്പ‌് കോട്ടയത്തെ ഉപേക്ഷിച്ചു പോയ ജോസ‌് കെ മാണി ഇതൊന്നും അറിയാനിടയില്ല.

യാത്രക്കാരുണ്ടായിട്ടും വരുമാനം കുറഞ്ഞെന്ന കാരണത്താലാണ‌് കുരീക്കാട‌്, കാഞ്ഞിരമറ്റം റെയിൽവേ സ‌്റ്റേഷനുകൾ ഇല്ലാതാക്കുന്നത‌്. റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമാണ‌് നടപടി. ദിനംപ്രതി ആയിരക്കണക്കിന‌് ജനങ്ങളാണ‌് ഈ സ‌്റ്റേഷനുകൾ ആശ്രയിച്ചിരുന്നത‌്. ചോറ്റാനിക്കര ക്ഷേത്രം, കാഞ്ഞിരമറ്റം പള്ളി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലെത്തുന്നവർക്കും സ‌്റ്റേഷനുകൾ ഗുണപ്രദമാണ‌്. കാഞ്ഞിരമറ്റം പള്ളിയിലെ ചന്ദനക്കുടം, ചോറ്റാനിക്കര ക്ഷേത്രത്തിലെ മകംതൊഴൽ തുടങ്ങിയ ഉൽസവങ്ങൾക്കായി റെയിൽവേ സ‌്റ്റേഷനുകളിൽ എക‌്സ‌്പ്രസ‌ുകൾ ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക‌് സ‌്റ്റോപ്പ‌് അനുവദിച്ചിരുന്നു. 

വരുമാനം കുറവാണെന്ന കാരണത്താൽ രണ്ടുവർഷം മുമ്പ‌് കാഞ്ഞിരമറ്റത്തെ ഹാൾട്ട‌് സ‌്റ്റേഷനാക്കി തരംതാഴ‌്ത്തി. അതോടെ പാസഞ്ചർ ട്രെയിനുകൾക്ക‌് മാത്രമായി സ‌്റ്റോപ്പ‌്. ടിക്കറ്റ‌് വിൽപ്പന കരാറുകാരന‌് നൽകിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.  ഇത‌് വിശദമാക്കി യാത്രക്കാർ  ജോസ‌് കെ മാണി എംപിക്ക‌് നിരവധിതവണ നിവേദനം നൽകിയിട്ടും ചെറുവിരൽ അനക്കിയില്ല. ഇതിനു പിന്നാലെ കുരീക്കാട‌് സ‌്റ്റേഷനും അടച്ചുപൂട്ടൽ ഭീഷണിയിലായി. 

എറണാകുളം ജില്ലയിൽ ഏറ്റവുമധികം സ്ഥലവിസ‌്തൃതിയുള്ള സ‌്റ്റേഷനുകളിലൊന്നാണ‌് മുളന്തുരുത്തി. ‌25 ഏക്കർ സ്ഥലമാണ‌്‌ സ‌്റ്റേഷനുള്ളത‌്. എറണാകുളം–-കോട്ടയം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ  മുളന്തുരുത്തി സ‌്റ്റേഷന്റെ പ്രാധാന്യം ഏറുകയാണ‌്.

ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക‌് തൃപ്പൂണിത്തുറയിൽ എത്തുന്നതിനേക്കാൾ എളുപ്പമാണ‌് ഇവിടെ വരാൻ.  നിലവിൽ പാസഞ്ചർ ട്രെയിനുകളാണ‌് കൂടുതലും ഇവിടെ നിർത്തുന്നത‌്. അപൂർവം എക‌്സ‌്പ്രസ‌് ട്രെയിനുകൾക്ക‌് മാത്രമാണ്‌ ഇവിടെ സ‌്റ്റോപ്പ‌്. യാത്രക്കാർക്ക‌് മറ്റു സൗകര്യങ്ങളുമില്ല. സ‌്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന‌് മുറവിളി ഉയർന്നിട്ടും എംപി തിരിഞ്ഞു നോക്കിയില്ല. 


പ്രധാന വാർത്തകൾ
 Top