03 March Wednesday

നിധി കാക്കാൻ വിശ്വനാഥൻ പിൻഗാമിയെ തേടുകയാണ്

വി ദിലീപ്കുമാർUpdated: Tuesday Jan 26, 2021


പറവൂർ
അപൂർവ നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളുംകൊണ്ടുള്ള കറക്കം വിശ്വനാഥൻ നിർത്തുകയാണ്. ഭാര്യ ജയലക്ഷ്മിയോടൊപ്പം ഇവ കെട്ടിച്ചുമന്നുള്ള യാത്രകളായിരുന്നു 21 കൊല്ലം. പ്രായമേറിവരുന്നതിനാൽ ഇനി വയ്യ. ജീവനുതുല്യമായി കാണുന്ന ഈ അപൂർവ നിധി അർഹതപ്പെട്ട ആർക്കെങ്കിലും കെെമാറണം.

പറവൂർ താരവിഹാറിൽ വിശ്വനാഥൻ വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം 213 പ്രദർശനങ്ങൾ  നടത്തിയിട്ടുണ്ട്. 2000 ജനുവരി 26ന്‌ വടക്കുംപുറം  കൊച്ചങ്ങാടിയിലായിരുന്നു ആദ്യ പ്രദർശനം.  നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ചരിത്രവും പ്രത്യേകതയും എല്ലാം മനഃപാഠം. 193 രാജ്യങ്ങളുടെ നാണയങ്ങളും, 175 രാജ്യങ്ങളുടെ പേപ്പർ കറൻസികളും, 47 രാജ്യങ്ങളുടെ പ്ലാസ്റ്റിക് (സിന്തറ്റിക്) കറൻസികളും 265 രാജ്യങ്ങളുടെ സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്.

ജോലിതേടിയുള്ള യാത്രയ്‌ക്കിടെ 1986ലാണ് വിശ്വനാഥന് ഈ കമ്പം തലയ്ക്കു പിടിച്ചത്. ബോംബെയിൽ ബസിൽ കയറിയപ്പോൾ കണ്ടക്ടർ ബാക്കി കൊടുത്തത്  ശ്രീലങ്കയുടെ ദേശീയചിഹ്നം പതിഞ്ഞ ഒരു നാണയം.  ഇതിൽനിന്ന് തുടങ്ങിയ അന്വേഷണം അപൂർവ നാണയങ്ങൾ ശേഖരത്തിലെത്തിച്ചു.

രാജ്യം, സവിശേഷത, യൂണിറ്റ്, മൂല്യം എന്നിവ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ്‌ പ്രദർശനം. എഡി 54ൽ റോമ സാമ്രാജ്യത്തിലെ നീറോ ചക്രവർത്തി ഉപയോഗിച്ചിരുന്ന വെള്ളിനാണയം, 1980ൽ ഇറക്കിയ സെന്റ് ഹെലീനയുടെ പൗണ്ട് എന്നറിയപ്പെടുന്ന 75 ഗ്രാമിന്റെ രണ്ട് നാണയങ്ങൾ, ലാവോസ് 1952ൽ ഇറക്കിയ 10 സെന്റ് നാണയം, അരിവാൾ ചുറ്റിക നക്ഷത്രം നടുവിലും നെൽക്കതിർ ചുറ്റിലും ആലേഖനം ചെയ്ത യുഎസ്എസ്ആറിന്റെ എട്ട് നാണയങ്ങൾ, എവറസ്റ്റ് കൊടുമുടികീഴടക്കിയ എഡ്മണ്ട് ഹിലാരിയുടെ ചിത്രം ആലേഖനം ചെയ്ത ന്യൂസിലൻഡിന്റെ പ്ലാസ്റ്റിക് കറൻസി, യുഗോസ്ലാവിയയിലെ 5000 കോടി ദിനാറിന്റെ ഒറ്റനോട്ട് എന്നിവ ശേഖരത്തിൽ ചിലതുമാത്രം.  ഇവയുടെ വില കണക്കാക്കിയാൽ ലക്ഷങ്ങൾ വരും.

ക്രിസ്തുവിനുമുമ്പ്‌ ഉപയോഗത്തിലുള്ള നാണയങ്ങളും  ശേഖരത്തിലുണ്ട്. ബിസി 500ലെ ഗോഡസ് അഥീനയുടെ ചിത്രം ആലേഖനം ചെയ്ത നാണയമാണ്‌ ഏറ്റവും പഴക്കമുള്ളത്.  ഇന്ത്യയിലെ  നാട്ടുരാജ്യങ്ങളിലെ ചെമ്പുനാണയങ്ങും ചോള സാമ്രാജ്യത്തിന്റെ നാണയങ്ങളും തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ ഒറ്റപ്പുത്തനും ഇരട്ടപ്പുത്തനും   പൊൻപണവും എല്ലാം കെെവശമുണ്ട്.

കോവിഡിനുമുമ്പ് കൊല്ലം പാരിപ്പള്ളിയിലായിരുന്നു അവസാന പ്രദർശനം. പുരാവസ്തുവകുപ്പിന്റെ ഏതെങ്കിലും ഒരു മ്യൂസിയത്തിൽ എത്തിയാൽ തന്റെ നിധികൾ  പുതുതലമുറയ്‌ക്ക് പ്രയോജനപ്പെടുമെന്ന് വിശ്വനാഥൻ പറയുന്നു. ഫോൺ: 9656957098.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top