21 October Wednesday

ശിലയിട്ടു; ഇനി സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാം

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

കൂത്താട്ടുകുളത്ത്‌ ശിലാഫലകം റോയി എബ്രഹാം അനാച്ഛാദനം ചെയ്യുന്നു


കൊച്ചി
തലചായ്ക്കാൻ കൂരതേടി അലഞ്ഞ 124 കുടുംബങ്ങളുടെ സ്വപ്നങ്ങൾക്ക് ശിലയിട്ട് എൽഡിഎഫ്‌ സർക്കാർ. ലൈഫ് പദ്ധതിയിൽ ജില്ലയിൽ നിർമിക്കുന്ന മൂന്നു ഭവനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. കൂത്താട്ടുകുളം നഗരസഭയിലും അയ്യമ്പുഴ, കരുമാല്ലൂർ പഞ്ചായത്തുകളിലുമായാണ് കെട്ടിടങ്ങൾ ഉയരുന്നത്. 10 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കും.

ഹരിത പ്രോട്ടോകോൾ പാലിച്ച്, അത്യാധുനിക ലൈറ്റ് ഗേജ് പ്രീ -ഫാബ്രിക്കേഷൻ ടെക്നോളജി ഉപയോഗിച്ചാണ് നിർമാണം. രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും ശുചിമുറിയും ഉണ്ടാകും. മുതിർന്നവർക്ക് വിശ്രമിക്കാൻ പ്രത്യേക മുറി, കുട്ടികൾക്ക്‌ കളിസ്ഥലം, ഭിന്നശേഷിക്കാർക്കായി പ്രത്യേക മുറി, സിക്ക് റൂം, പൊതു ആവശ്യങ്ങൾക്കുള്ള മുറി, റിക്രിയേഷൻ റൂം, ലൈബ്രറി, ഇലക്ട്രിക്കൽ റൂം, ഫയർ ആൻഡ് സേഫ്റ്റി സംവിധാനം, മലിനീകരണ ശുചീകരണ പ്ലാന്റ്, പാർക്കിങ് സൗകര്യം എന്നിവയും ഓരോ ഭവനസമുച്ചയത്തിലും ഉണ്ടാകും.

അയ്യമ്പുഴ കുറ്റിപ്പാറയിൽ പഞ്ചായത്തിന്റെ 158 സെന്റിലാണ്‌ സമുച്ചയം നിർമിക്കുന്നത്. 44 കുടുംബങ്ങൾക്കാണ്‌ വീട് കിട്ടുക. ശിലയിടൽ പഞ്ചായത്ത് പ്രസിഡന്റ്‌ നീതു അനു നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പി യു ജോമോൻ അധ്യക്ഷനായി. സെക്രട്ടറി എ വി ഷാജൻ, നിജ ഷാജി, ജാൻസി പൗലോസ് എന്നിവർ സംസാരിച്ചു.

കരുമാല്ലൂർ പഞ്ചായത്തിൽ മാമ്പ്ര ബ്ലോക്ക് പള്ളത്തിലെ 10.72 ഏക്കറിൽ നാലുനില സമുച്ചയമാണ് നിർമിക്കുന്നത്. 44 വീടുകൾ. ശിലയിടൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിജു ചുള്ളിക്കാട് നിർവഹിച്ചു. നസീർ പാത്തല അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ജി ഡി ഷിജു, ബീന ബാബു, എം എച്ച് ഹരീഷ് എന്നിവർ പങ്കെടുത്തു.

കൂത്താട്ടുകുളം ചെങ്കുളത്തെ 107 സെന്റിലാണ് സമുച്ചയം ഉയരുന്നത്. നാലുനിലകളിലായി 36 വീട്. ഒരാഴ്ചയ്‌ക്കുള്ളിൽ നിർമാണമാരംഭിച്ച്‌ ആറുമാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. തറക്കല്ലിടൽ മന്ത്രി സി രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിച്ചു. നഗരസഭാ ചെയർമാൻ റോയി എബ്രഹാം ശിലയിട്ടു. എം ജെ ജേക്കബ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുമിത് സുരേന്ദ്രൻ, വിജയ ശിവൻ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top