31 October Saturday
കൊച്ചി നഗരസഭയ്‌ക്ക്‌ കനത്ത തിരിച്ചടി

കനാൽ പുനർനിർമാണത്തിന്‌ ഓപ്പറേഷൻ ബ്രേക്‌ത്രൂ മതി: ഹൈക്കോടതി ; കൊച്ചി നഗരസഭയ്‌ക്ക്‌ കനത്ത തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020



കൊച്ചി
നഗരത്തിലെ മുല്ലശേരി കനാൽ അടക്കം അഞ്ചു കനാലുകളുടെ പുനർനിർമാണം സ്വയം ചെയ്യാൻ അനുവദിക്കണമെന്ന കൊച്ചി നഗരസഭയുടെ ആവശ്യം ഹൈക്കോടതി തള്ളി. നഗരത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കാനുള്ള നിർമാണങ്ങൾ ഓപ്പറേഷൻ ബ്രേക്‌ത്രൂവിനുകീഴിൽ ജില്ലാ ഭരണകേന്ദ്രം നടത്തിയാൽ മതിയെന്നും കോടതി വ്യക്തമാക്കി.
കനാലുകളുടെ നവീകരണത്തിന് 4.88 കോടി രൂപ നഗരസഭയുടെ തനതുഫണ്ടിൽനിന്ന്‌ എടുക്കാമെന്നും നിർമാണം നടത്താമെന്നും ജില്ലാ ഭരണകേന്ദ്രം മേൽനോട്ടം വഹിച്ചാൽ മതിയെന്നുമായിരുന്നു നഗരസഭയുടെ നിലപാട്. ഇതിനോട്‌ യോജിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കോടതി നിർദേശപ്രകാരമാണ് തനതുഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിക്കുന്ന കാര്യം നഗരസഭാ കൗൺസിൽ പരിഗണിച്ചത്. കേസ് കൂടുതൽ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിക്കുന്നത്‌.

2019 ആഗസ്‌തിൽ കനത്ത മഴയിൽ നഗരം മുങ്ങിയപ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ടാണ്‌ ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതി നടപ്പാക്കിയത്‌.  ഇതുവഴി നഗരത്തിലെ പ്രധാന കനാലുകളെല്ലാം നവീകരിച്ചു. തേവര–-പേരണ്ടൂർ കനാൽ നവീകരണം നഗരസഭയാണ്‌ നടപ്പാക്കിയത്‌. ജൂലൈ 29ന്‌ കനത്ത മഴ പെയ്‌തപ്പോൾ നഗരത്തിന്റെ ഏതാനും പ്രദേശങ്ങൾ പഴയതുപോലെ കനത്ത വെള്ളക്കെട്ടിലായിരുന്നു. നഗരസഭ നവീകരിച്ച പേരണ്ടൂർ കനാലിന്റെ സമീപപ്രദേശങ്ങളാണ്‌ പ്രധാനമായും മുങ്ങിയത്‌. തുടർന്നാണ് നഗരസഭയുടെ വെള്ളക്കെട്ട്‌ നിർമാർജന പദ്ധതിയെ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഒരുകൂട്ടം ഹർജികൾ എത്തിയത്‌.  ഹൈക്കോടതി നഗരസഭയോട്‌‌ വിശദീകരണം തേടി. ഓപ്പറേഷൻ ബ്രേക്‌ത്രൂവഴി കനാൽ നവീകരിച്ചിടത്താണ്‌ വെള്ളക്കെട്ടുണ്ടായതെന്നാണ്‌ നഗരസഭ ‌ കോടതിയിൽ പറഞ്ഞത്‌‌. എന്നാൽ, നഗരസഭ നവീകരിച്ചിടങ്ങളിലാണ്‌ വെള്ളക്കെട്ട്‌ രൂക്ഷമായതെന്ന്‌ കലക്ടർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. ഇതോടെ നഗരസഭയ്‌ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top