16 September Monday

മധ്യവയസ്‌ക വെട്ടേറ്റ്‌ മരിച്ചനിലയിൽ, മകൻ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019


കോതമംഗലം
മധ്യവയസ്‌കയെ വെട്ടേറ്റുമരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ മകൻ പൊലീസിൽ കീഴടങ്ങി. ശനിയാഴ്ച രാത്രിയിലാണ് പ്രദേശത്തെ നടുക്കിയ  സംഭവം നടന്നത്. കോട്ടപ്പടി നാഗഞ്ചേരിക്കടുത്ത്‌ കല്ലിങ്കപറമ്പിൽ വീട്ടിൽ കാർത്യായനിയെയാണ്‌ (65) വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്‌.  മകൻ അനീഷ് കുമാർ (34) എന്ന ബൈജുവാണ്‌ കീഴടങ്ങിയത്‌.

വാക്കത്തികൊണ്ടുള്ള വെട്ടേറ്റ്‌ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ  പ്രാഥമിക നിഗമനം.  ഉറങ്ങിക്കിടന്ന അമ്മയെ മദ്യലഹരിയിൽ മകൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ അയൽവാസികൾ പറയുന്നു. കാർത്യായനി മകൾക്ക് സ്വത്ത് നൽകുന്നതിനെച്ചൊല്ലി  അനീഷ് കുമാർ നിരന്തരം വഴക്ക്‌ കൂടിയിരുന്നതായി സൂചനയുണ്ട്‌.  ഇയാൾക്ക് ചെറിയ മാനസികപ്രശ്നങ്ങൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു.  അമ്മയെ കൊലപ്പെടുത്തിയശേഷം പ്രതി വാർഡിലെ മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ചെല്ലുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ  കീഴടങ്ങുകയുമായിരുന്നു.

കോട്ടപ്പടി എസ്ഐ അബ്ദുൽ റഹിമാൻ, എഎസ്ഐ ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘം  ഡോക്ടറേയും കൂട്ടി സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ബൈജുവിനെ  സ്ഥലതെത്തിച്ച് കൂടുതൽ തെളിവെടുപ്പു നടത്തി. ഇയാളെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും  ചോദ്യംചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കാർത്യായനിയുടെ മൃതദേഹം തിങ്കളാഴ്‌ച സംസ്കരിക്കും.


പ്രധാന വാർത്തകൾ
 Top