07 June Wednesday

സുജിക്കും മകനും വീട്‌ നഷ്ടമാകില്ല; കടം തീർത്ത്‌ കേരള ബാങ്ക് ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


കളമശേരി
വിധവയും അർബുദബാധിതയുമായ വീട്ടമ്മയുടെ കുടുംബത്തിന്റെ കടബാധ്യത സ്വന്തം ശമ്പളത്തില്‍നിന്ന്‌ അടച്ച് കേരള ബാങ്ക് ജീവനക്കാര്‍. ആലുവ മുപ്പത്തടം തോപ്പിലക്കാട്ട് പരേതനായ ടി സി ബിനുവിന്റെ കടബാധ്യതയാണ് കേരള ബാങ്ക് ആലുവ പാലസ് റോഡ് ബ്രാഞ്ചിലെ ജീവനക്കാര്‍ അടച്ചുതീർത്ത്‌ മാതൃകയായത്‌.

ഭവനനിര്‍മാണത്തിനായി 2012ലാണ്‌ ബിനു കേരള ബാങ്കില്‍നിന്ന്‌ മൂന്നുലക്ഷം രൂപ വായ്പയെടുത്തത്. 2017ല്‍ ഹൃദയാഘാതത്താൽ ബിനു മരിച്ചു. ഇടയാറില്‍ സ്വകാര്യ സ്ഥാപനത്തില്‍ തൂപ്പുകാരിയായ ഭാര്യ സുജി അസുഖബാധിതയുമായതോടെ വായ്‌പത്തുക തിരിച്ചടയ്ക്കാൻ മാർഗമില്ലാതായി.  ഇവരുടെ ദുരിതം കേട്ടറിഞ്ഞ ബാങ്ക് ജീവനക്കാര്‍ സ്വമേധയാ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇളവുകള്‍ കഴിഞ്ഞ് അടയ്ക്കാനുള്ള 1,26,000 രൂപ ബ്രാഞ്ചിലെ ആറ് ജീവനക്കാര്‍ ചേര്‍ന്ന് സ്വന്തം നിലയിലും സുമനസ്സുകളായ ഇടപാടുകാരുടെ സഹായത്തോടെയുമാണ് കണ്ടെത്തിയത്.

ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ സുജിക്കും മകന്‍ അര്‍ജുനും ഈടുവസ്തുവായ വീടിന്റെ പ്രമാണം കേരള ബാങ്ക്‌  ബോർഡ് ഓഫ്‌ മാനേജ്മെന്റ്  അംഗം മാണി വിതയത്തില്‍ കൈമാറി. റീജണല്‍ ജനറല്‍ മാനേജര്‍ ജോളി ജോണ്‍ പങ്കെടുത്തു. ഏരിയ മാനേജര്‍ സ്‌റ്റാന്‍ലി ജോണ്‍, ബ്രാഞ്ച് മാനേജര്‍ പി വി മേഴ്‌സി എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top