21 March Tuesday

കൗതുകങ്ങളിലേക്ക് വഴിതുറന്ന് കുസാറ്റ് ശാസ്ത്രയാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


കളമശേരി
കൊച്ചി സര്‍വകലാശാലയുടെ വിവിധവകുപ്പുകളില്‍ നടത്തുന്ന ഗവേഷണ നേട്ടങ്ങൾ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അറിയാനും പഠിക്കാനുമായി ഒരുക്കിയ ശാസ്ത്രയാൻ പ്രദര്‍ശനം രണ്ടു ദിവസം പിന്നിട്ടു. 115 സ്ഥാപനങ്ങളില്‍നിന്ന്‌ 4000 സ്കൂൾ, കോളേജ് വിദ്യാർഥികൾ പ്രദര്‍ശനത്തില്‍ കാണികളായെത്തി. കുസാറ്റി​ന്റെ കളമശേരി ക്യാമ്പസിലെ 24 വകുപ്പുകളിലായാണ് ആധുനിക ലാബുകളും കോടികൾ വിലവരുന്ന ഉപകരണങ്ങളും വിദ്യാർഥികൾക്കായി പ്രദർശിപ്പിക്കുന്നത്. എറണാകുളം നഗരത്തിലെ മറൈൻ സയൻസ്, ഫിഷറീസ് വകുപ്പുകളുടെയും കുസാറ്റ് പൊതുപ്രവേശന വിഭാഗത്തി​ന്റെയും ഏഴ് സ്റ്റാളുകൾ സെമിനാർ ഹാളിൽ ഒരുക്കിയിട്ടുണ്ട്.

സമുദ്രാന്തർഭാഗത്ത് 600 മീറ്റർ താഴ്ചയിൽനിന്ന് ജലമെടുത്ത് പരിശോധിക്കുന്ന ബാത്തി തെർമോഗ്രാഫ്, സമുദ്രാന്തർ നീരൊഴു​ക്കിന്റെ തീവ്രതയും ദിശയും മനസ്സിലാക്കാനുള്ള കറ​ന്റ് മീറ്റർ, ഭൂചലനവും ഭൗമ പ്ലേറ്റുകളുടെ ചലനവും മനസ്സിലാക്കാനുള്ള ലളിതമാതൃകകൾ എന്നിവ പ്രദര്‍ശനത്തിലുണ്ട്.

കൊച്ചി സർവകലാശാലയുടെ നേട്ടങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുകയും സർവകലാശാലയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാണ് ശാസ്ത്രയാ​ന്റെ ലക്ഷ്യമെന്ന് ഐക്യുഎസി ഡയറക്ടർ ഡോ. കെ ഗിരീഷ് കുമാർ പറഞ്ഞു. ആദ്യദിനത്തിൽ എന്താണ് കുസാറ്റ്, എന്ന വിഷയത്തിൽ കോളേജ് വിദ്യാർഥികൾക്കായി പ്രഭാഷണം നടത്തി. ചൊവ്വാഴ്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കരിയർ ഗൈഡൻസ് ശിൽപ്പശാല നടന്നു. മൂന്നാംദിവസം വ്യവസായ പ്രതിനിധികളുമായി വകുപ്പുമേധാവികൾ ചർച്ച നടത്തും. ശാസ്ത്രയാൻ ബുധനാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top