28 February Friday

അനധികൃത കലുങ്ക് പൊളിച്ചു ; തടസ്സം വഴിമാറും ബ്രേക് ത്രൂ വരുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


കൊച്ചി
മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ ആവിഷ്കരിച്ച ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതി ശക്തമായി മുന്നോട്ട്. നഗരത്തിലെ കനാലുകളിലെയും ഓടകളിലെയും തടസ്സങ്ങൾ നീക്കുന്ന ജോലിയാണ് വെള്ളിയാഴ്‌ച പുരോഗമിച്ചത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച സഹോദരൻ അയ്യപ്പൻ റോഡ്, ഡിവിഷൻ 46ലെ ശോഭാ റോഡ്, നെടുന്തോട്ടിങ്കൽ തോട് എന്നിവിടങ്ങൾ കലക്ടർ എസ്‌ സുഹാസ്‌ സന്ദർശിച്ചു. 

സഹോദരൻ അയ്യപ്പൻ റോഡിലെ കാനയിൽ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുന്ന നിലയിൽ   നിർമിച്ച കലുങ്ക് പൊളിച്ചുനീക്കി. മറ്റിടങ്ങളിലും സമാനമായ തടസ്സങ്ങൾ നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാൻ കലക്ടർ നിർദേശിച്ചു. ഡെപ്യൂട്ടി കലക്ടർ എസ് ഷാജഹാൻ നോഡൽ ഓഫീസറായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച കർമസേനയാണ് ചുക്കാൻപിടിക്കുന്നത്. മാർച്ച് 31നകം ആദ്യഘട്ടം പൂർത്തിയാകും.

കഴിഞ്ഞ ഒക്‌ടോബർ 21ലെ മഴയെ തുടർന്ന് നഗരം വെള്ളക്കെട്ടിലായ സാഹചര്യത്തിലാണ് ഓപ്പറേഷൻ ബ്രേക് ത്രൂ ആവിഷ്കരിച്ചത്. ഒറ്റരാത്രിയിലെ ഓപ്പറേഷനിലൂടെ നഗരത്തെ പൂർവസ്ഥിതിയിലെത്തിച്ചിരുന്നു. ഓടകളിലെയും കനാലുകളിലെയും തടസ്സങ്ങൾ നീക്കിയും വെള്ളം പമ്പുചെയ്ത് ഒഴുക്കിയുമാണ് നഗരത്തെ സാധാരണ നിലയിലെത്തിച്ചത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗം ഓപ്പറേഷൻ ബ്രേക് ത്രൂവിന്റെ തുടർനടപടികൾ ആവിഷ്കരിക്കാൻ കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. 

പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയ ഇരുനൂറിലേറെ പ്രവൃത്തികളിൽ 36 എണ്ണമാണ് ഇതിനകം ആരംഭിച്ചത്. അമ്മൻകോവിൽ റോഡ്, എളമക്കര സൗത്ത്, പരമാര റോഡ്, വിവേകാനന്ദ തോട്, പനമ്പിള്ളിനഗർ,  പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കിയിരുന്നു.
തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കിയ ഓപ്പറേഷൻ അനന്തയുടെ മാതൃകയിലുള്ള സമഗ്ര പദ്ധതിയായാണ് ഓപ്പറേഷൻ ബ്രേക് ത്രൂ വിഭാവനം ചെയ്തിട്ടുള്ളത്. ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരങ്ങളും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവിഷ്കരിച്ചു.


പ്രധാന വാർത്തകൾ
 Top