15 December Sunday
- റ‌ീ ബിൽഡ‌് കേരള

മലിനീകരണമില്ല; എറണാകുളം ജില്ലയിൽ ഇ‐ബസ‌് ഇടനാഴിയും പുതുതലമുറ ട്രാമും

സി എൻ റെജിUpdated: Wednesday Jul 24, 2019

കൊച്ചി > പ്രളയാനന്തര കേരള പുനർനിർമിതിയുടെ ഭാഗമായി എറണാകുളത്തെ ഗതാഗത മേഖലയ‌്ക്ക‌് കുതിപ്പേകി ഇ–-ബസ‌് ഇടനാഴിയും പുതുതലമുറ ട്രാമും ഒരുങ്ങുന്നു. ഇതോടൊപ്പം ഗ്രീൻ മൊബിലിറ്റി ഇടനാഴിയും റെയിൽബസ‌് സംവിധാനവും പൂർത്തിയായാൽ ജില്ലയിലെ ഗതാഗതം അടിമുടി മാറും. റീബിൽഡ‌് കേരളയിൽ ഉൾപ്പെടുത്തി ഗതാഗതവകുപ്പ‌് തയ്യാറാക്കിയ 2200 കോടി രൂപ ചെലവ‌് പ്രതീക്ഷിക്കുന്ന പുതിയ പദ്ധതികളുടെ ആശയ കുറിപ്പ‌് സംസ്ഥാന സർക്കാരിന‌് കൈമാറി.

കഴിഞ്ഞ ആഗസ‌്തിൽ പ്രളയത്തിൽ തകർന്ന ജില്ലയിലെ ഗതാഗത സംവിധാനം പുനരുജ്ജീവിപ്പിക്കാനാണ‌് പുതിയ പദ്ധതി ലക്ഷ്യമിടുന്നത‌്. അന്തരീക്ഷ മലിനീകരണവും ഗതാഗത കുരുക്കുമില്ലാതെ പുതിയ മാതൃകയായി പൂത്തോട്ട മുതൽ അങ്കമാലിവരെയാണ‌് ഇ–-ബസ‌് ഇടനാഴി സ്ഥാപിക്കുക. 46.3 കിലോമീറ്ററിൽ നിർമിക്കുന്ന ഇടനാഴിക്ക‌് 677.51 കോടിയാണ‌് ചെലവ‌് കണക്കാക്കുന്നത‌്. പൂർണമായും ഇലക‌്ട്രിക‌് ബസുകളാകും ഇവയിലൂടെ സഞ്ചരിക്കുക. നിലവിലെ പാതയിൽ പ്രത്യേക ട്രാക്ക‌് നിർമിച്ചോ സിഗ‌്നലിങ‌് നൽകിയോ ബസുകൾ കടത്തിവിടും. കെഎസ‌്ആർടിസ‌ി ബസുകൾക്കാകും മുൻഗണന.

കൊടുങ്ങല്ലൂർ മുതൽ എരമല്ലൂർവരെ ദേശീയ പാതയിൽ സ്ഥാപിക്കുന്ന ഗ്രീൻ മൊബിലിറ്റി ഇടനാഴി ജില്ലയിലൂടെ കടന്നുപോകും. ബസ‌് ഉൾപ്പെടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളാണ‌് ഈ ഇടനാഴിയിലൂടെ സർവീസ‌് നടത്തുക. 52 കിലോമീറ്ററുള്ള ഇടനാഴിക്ക‌്  580.35 കോടി രൂപയാണ‌് ചെലവ‌്.ഗോശ്രീ മുതൽ തോപ്പുംപടി വഴി ഫോർട്ട‌്കൊച്ചിയിലേക്ക‌ാണ‌് പുതുതലമുറ ട്രാം വരുന്നത‌്. പത്ത‌് കിലോമീറ്ററിൽ സ്ഥാപിക്കുന്ന ട്രാമിന‌് 1000 കോടിയാണ‌് ചെലവ‌് പ്രതീക്ഷിക്കുന്നത‌്. ഗതാഗതക്കുരുക്ക‌് ഒഴിവാക്കി നഗരത്തെ മാലിന്യ മുക്തമാക്കാൻ പുതിയ ട്രാം സർവീസിന‌് കഴിയുമെന്നാണ‌് ഗതാഗതവകുപ്പിന്റെ നിഗമനം. ഇതോടൊപ്പം വല്ലാർപാടം–-ഇടപ്പള്ളി റെയിൽ ബസ‌് സർവീസും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്.

പദ്ധതികളെക്കുറിച്ച‌് സംസ്ഥാന സർക്കാരിന‌് നൽകിയിട്ടുള്ള ആശയക്കുറിപ്പിന‌് പിന്നാലെ വിശദ പദ്ധതി റിപ്പോർട്ട‌് (ഡിപിആർ) തയ്യാറാക്കുമെന്ന‌് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ പറഞ്ഞു. ദേശീയ പാതയിൽ ഇ–-ഇടനാഴി സ്ഥാപിക്കുന്നതിന‌് ദേശീയപാത അതോറിറ്റിയുടെ അനുമതി തേടും.
പ്രളയം ജില്ലയിലെ റെയിൽ, റോഡ‌് സംവിധാനത്തെയും വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. കൊച്ചി മെട്രോ റെയിലിന്റെ പ്രവർത്തനവും തടസ്സപ്പെട്ടു. വാഹനങ്ങൾ പെരുകിയതും കൊച്ചിയിലെ ഗതാഗതക്കുരുക്ക‌് രൂക്ഷമാക്കിയിട്ടുണ്ട‌്.

വാഹനങ്ങളിൽനിന്നുള്ള അന്തരീക്ഷ മലീനികരണം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനാണ‌് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022ൽ പത്ത‌് ലക്ഷം ഇലക‌്ട്രിക‌് വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പദ്ധതിയാണ‌് സർക്കാർ നടപ്പാക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top