27 February Thursday

കണ്ണീരുണങ്ങി; സ്വപ്നഭവനം ഇനി ഇവർക്ക്‌ സ്വന്തം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


കാക്കനാട്
തലചായ്ക്കാൻ അടച്ചുറപ്പുള്ള വീട്‌ യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്‌ കാക്കനാട് കമ്യൂണിറ്റി ഹാളിൽ കുടുംബസംഗമത്തിനെത്തിയവർ.  തൃക്കാക്കര നഗരസഭയിലെ ചിറ്റേത്തുകര കണ്ണങ്കേരിവീട്ടിൽ താമസിക്കുന്ന  അറുപത്തെട്ടുകാരി അമ്മിണിയും അത്താണി കീരേലി മലയിൽ താമസിക്കുന്ന എഴുപതുകാരൻ സി പി രാജനും ജീവിതസായാഹ്നത്തിൽ വിശ്രമിക്കാൻ ഇടം സ്വന്തമായതിന്റെ സന്തോഷത്തിലാണ്‌.

എടത്തല പഞ്ചായത്തിൽനിന്ന് ജാസ്മിൻ–-ഫൈസൽ ദമ്പതികളെത്തിയത് കുടുംബസമേതമാണ്. 20 വർഷംമുമ്പ്‌  ഭർത്താവ് കുമാരൻ മരിച്ച ചിറ്റേത്തുകര സ്വദേശി അമ്മിണി താമസിക്കുന്നത് പട്ടയഭൂമിയിലാണ്‌. പട്ടയഭൂമിയായതിനാൽ 20 വർഷത്തേക്ക് പണയംവയ്ക്കാൻ കഴിയില്ല. നിലവിലുള്ള ഓടിട്ട വീട് ജീർണിച്ച അവസ്ഥയിലാണ്. മകൻ സുമേഷിന് സ്ഥിരവരുമാനമില്ല. രണ്ട് പെൺമക്കളാണുള്ളത്. ചെറിയ സമ്പാദ്യം അവരുടെ വിവാഹത്തിനും ചെലവാക്കി. ഒരു വീട് പണിയാൻ എന്തുചെയ്യുമെന്ന വിഷമത്തിലായിരുന്ന  അമ്മിണിക്ക്‌ ഇത്‌ സ്വപ്‌നസാഫല്യം. ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമിച്ച വീട്ടിൽ രണ്ടു കിടപ്പുമുറികൾ,   ഹാൾ, അടുക്കള, കുളിമുറി എന്നിവയെല്ലാമുണ്ട്‌.  ഇനി അന്തിയുറങ്ങാൻ ആരെയും പേടിക്കേണ്ടതില്ലെന്ന്‌  കണ്ണീർ തുടച്ച് അമ്മിണി പറയുന്നു.


പ്രധാന വാർത്തകൾ
 Top