24 October Thursday

ചികിത്സാരംഗത്ത്‌ സ്വകാര്യമേഖലയുടെ സംഭാവന മികച്ചത്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019


കൊച്ചി
പൊതുജനാരോഗ്യരംഗത്ത്  സ്വകാര്യ മേഖലയും മികച്ച സംഭാവനയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോലഞ്ചേരി മലങ്കര ഓർത്തഡോക്‌സ് ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സ്വകാര്യ ആതുരാലയങ്ങളിൽ ചിലവ ലാഭക്കണ്ണോടെമാത്രം പ്രവർത്തിക്കുന്നത്  അംഗീകരിക്കാനാവില്ല.  ജനങ്ങൾക്ക് ആശ്വാസമേകാനുള്ള ആധുനിക സംവിധാനങ്ങൾ  പണമുണ്ടാക്കാനുളള മാർഗമാണെന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. ഡോക്ടർമാർക്ക് ടാർഗറ്റ് നിശ്ചയിച്ച് അനാവശ്യ പരിശോധനകൾക്ക് രോഗികളെ നിർബന്ധിക്കുന്നതായ പരാതികൾ ഉയരാറുണ്ട്. ആശുപത്രികൾ കൊള്ളലാഭമുണ്ടാക്കാനുള്ള കേന്ദ്രങ്ങളല്ല.  പാവപ്പെട്ടവർക്ക് ആശ്വാസമാകുന്ന പദ്ധതികളാണ്‌ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ആർദ്രം പദ്ധതിയിലൂടെ  157 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. ലോകത്തിനുതന്നെ മാതൃകയാകുന്നതാണ്‌ നമ്മുടെ ആരോഗ്യമേഖലയിലെ കുതിപ്പ്. നിപാ പോലുളള പകർച്ചവ്യാധികളെ അതിജീവിക്കാൻ  കഴിഞ്ഞത്‌ ആരോഗ്യരംഗത്തെ വളർച്ചയുടെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നൂറ് ഹൃദയ ശസ്ത്രക്രിയ പദ്ധതിയുടെ സമ്മതപത്രം മന്ത്രി കെ കെ ശൈലജ കൈമാറി.  ആശുപത്രി പ്രസിഡന്റ് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ ബാവാ അധ്യക്ഷനായി. സൗജന്യ തിമിര ശസ്ത്രക്രിയ പദ്ധതി വി പി സജീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജു, ഷിജിമോൾ അജയൻ, മെത്രാപോലീത്തമാരായ മാത്യൂസ് മാർ സേവേറിയോസ്, തോമസ് മാർ അത്തനാസിയോസ്, ആശുപത്രി സിഇഒ ജോയി പി ജേക്കബ്,  മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top