24 October Thursday

ഉപതെരഞ്ഞെടുപ്പ്‌ : പത്രികാ സമർപ്പണം ഇന്നു തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019


കൊച്ചി
എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം തിങ്കളാഴ്‌ച തുടങ്ങും. പകൽ 11 മുതൽ  മൂന്നുവരെ റിട്ടേണിങ് ഓഫീസർക്കോ അസി. റിട്ടേണിങ് ഓഫീസറായ എറണാകുളം സിറ്റി റേഷനിങ് ഓഫീസർക്കോ പത്രിക സമർപ്പിക്കാം.  30നാണ്‌ അവസാന തീയതി. ഒക്‌ടോബർ ഒന്നിനാണ്‌ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ മൂന്ന്. ഒക്‌ടോബർ 21നാണ്‌ വോട്ടെടുപ്പ്‌. 

റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ എസ് ഷാജഹാനാണ് റിട്ടേണിങ് ഓഫിസർ. സിറ്റി റേഷനിങ് ഓഫീസർ കെ പി അശോകൻ അസി. റിട്ടേണിങ് ഓഫീസർ. കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാർ ഇ പി സുരേഷ് അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമാണ്. 135 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ്.  നഗരപ്രദേശത്ത് നൂറ്റിപ്പതിനാലും ഗ്രാമപ്രദേശത്ത് ഇരുപത്തൊന്നും പോളിങ് സ്റ്റേഷനുകളാണുള്ളത്.

തെരഞ്ഞെടുപ്പ് നടപടികളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എസ്‌ സുഹാസ് കലക്ടറേറ്റിൽ വിളിച്ചുചേർത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ വിലയിരുത്തി. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പ് അനുമതിയായ പൊതുമരാമത്ത് ജോലികൾ നടത്താവുന്നതാണെന്ന് കലക്ടർ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളൊന്നും തടസ്സപ്പെടില്ല. റിട്ടേണിങ് ഓഫീസർ തലത്തിലും താലൂക്ക് തലത്തിലും ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് ഉടൻ രൂപീകരിക്കാൻ കലക്ടർ നിർദേശിച്ചു.


പ്രധാന വാർത്തകൾ
 Top