16 September Monday

കുട്ടികളെയും പിഴിഞ്ഞ്‌ ബാങ്കുകൾ ; 900 രൂപ കിട്ടാൻ 1000 മിനിമം ബാലൻസ്‌

കെ ആർ ബൈജുUpdated: Friday Aug 23, 2019



മുളന്തുരുത്തി
സ്‌കൂൾ കുട്ടികളുടെ അക്കൗണ്ടിലും മിനിമം ബാലൻസ്‌ നിലനിർത്തണമെന്ന്‌ ബാങ്കുകൾ. ആയിരം രൂപ അക്കൗണ്ടിൽ ഇല്ലെങ്കിൽ ബാങ്കിൽനിന്ന്‌ വിളിയെത്തും.  മൂന്നുമാസം കൂടുമ്പോൾ 350 രൂപ പിഴ ഈടാക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനായി അക്കൗണ്ട്‌ തുടങ്ങിയ രക്ഷിതാക്കൾ ഇതോടെ ആശങ്കയിലായി.  

ഈ വർഷം മുതൽ ആനുകൂല്യം ബാങ്കുവഴിയാക്കിയതിനാൽ അധ്യയന വർഷ ആരംഭത്തിൽത്തന്നെ കുട്ടികൾ അക്കൗണ്ട് എടുത്ത്‌ നമ്പർ സ്‌കൂളിൽ നൽകി. ഇതിനുശേഷമാണ്‌ ചില ബാങ്കുകൾ മിനിമം ബാലൻസ് ആവശ്യപ്പെടുന്നത്‌.പട്ടികജാതി/പട്ടികവർഗ, ഒഇസി വിഭാഗങ്ങളിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രതിവർഷം 930 രൂപയും യുപി വിഭാഗത്തിന് 630 രൂപയും ആണ് ആനുകൂല്യം ലഭിക്കുന്നത്. ഇത്‌ കിട്ടാൻ 1000 രൂപ അക്കൗണ്ടിൽ വേണമെന്നാണ്‌ നിർദേശം. പണം ഇട്ടില്ലെങ്കിൽ അടുത്ത ഗ്രാന്റ്‌ ബാങ്ക്‌ വിഴുങ്ങും.

ഫോണിലൂടെ അറിയിച്ച കാര്യങ്ങൾ സ്ഥിരീകരിക്കാൻ ഫെഡറൽ ബാങ്ക്‌ ശാഖയിലെത്തിയ രക്ഷിതാക്കളോട്‌ മറ്റൊരു ന്യായമാണ്‌ അധികൃതർ പറഞ്ഞത്‌. വിദ്യാർഥികൾക്കുള്ള ബിഎസ്‌ഇഡിഎ അക്കൗണ്ടിൽ ചെക്ക്‌ ബുക്കും എടിഎം കാർഡും കിട്ടില്ല. അവ നൽകിയതിനാൽ ‘ഫ്രീഡം’ സ്‌കീമിലാണത്രെ അക്കൗണ്ട്‌. അതിൽ മിനിമം ബാലൻസ്‌ നിർബന്ധമാണ്‌. എന്നാൽ, അക്കൗണ്ട്‌ ചേർന്നപ്പോൾ  ഇക്കാര്യങ്ങൾ പറയാതെ ബാങ്കുകാർ വഞ്ചിച്ചെന്ന്‌ രക്ഷിതാക്കൾ പറയുന്നു. ചെക്ക്‌ ബുക്കോ എടിഎം കാർഡോ കിട്ടാത്തവർക്കും മിനിമം ബാലൻസ്‌ ആവശ്യപ്പെട്ട്‌ ഫോൺ വരുന്നതായും രക്ഷിതാക്കൾ പറയുന്നു. വിദ്യാർഥികൾക്കുള്ളത്‌ അല്ലെങ്കിൽ സ്‌കൂളിൽനിന്നുള്ള സർട്ടിഫിക്കറ്റ്‌ വാങ്ങിവച്ചത്‌ എന്തിനെന്ന്‌ ഇവർ ചോദിക്കുന്നു.


പ്രധാന വാർത്തകൾ
 Top