22 September Sunday

എഴുപത്തഞ്ചിന്റെ നിറവിൽ കരുവേലിപ്പടി വായനശാല

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


മട്ടാഞ്ചേരി
കരുവേലിപ്പടിയിലെ ടാഗോർ വായനശാല എഴുപത്തഞ്ചാം പിറന്നാളിന്റെ നിറവിൽ. ഏഴ്‌ പതിറ്റാണ്ട്‌ പിന്നിടുന്നതിന്റെ ഭാഗമായി മൂന്നുമാസം നീളുന്ന ആഘോഷങ്ങളുടെ ഉദ്‌ഘാടനം ഞായറാഴ്ച വൈകിട്ട് അഞ്ചിന് എൻ എം ചെല്ലമ്മാൾ മെമ്മോറിയൽ ഹാളിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1944-ൽ മുതലിയാർഭാഗം യുവജനസമിതിയുടെ ആഭിമുഖ്യത്തി ൽ 13 ചെറുപ്പക്കാർ ചേർന്ന് ഡോ. ടി കെ പിള്ളയുടെ നേതൃത്വത്തിലാണ്‌ വായനശാലയ്‌ക്ക്‌ രൂപം നൽകിയത്. കരുവേലിപ്പടി ജാനകി പ്രിന്റിങ്‌ പ്രസ്‌ സ്ഥാപകൻ പരേതനായ കെ കെ പരമേശ്വരൻപിള്ള സൗജന്യമായി നൽകിയ പീടികമുറിയിൽ തുടക്കം. വായനശാലയായി തുടങ്ങിയ സ്ഥാപനം രണ്ട് വർഷത്തിനുള്ളിൽ പുസ്‌തകശാലയായി വളർന്നു. അന്നത്തെ മട്ടാഞ്ചേരി മുനിസിപ്പാലിറ്റി വായനശാലയ്‌ക്ക്‌ കെട്ടിടം നിർമിക്കാൻ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിക്ക് സമീപം പുറമ്പോക്ക് സ്ഥലം അനുവദിച്ച് നൽകി. 1950ൽ നിർമാണം പൂർത്തിയാക്കി. ഹോട്ടൽകാരി എന്ന നാടകം നടത്തി സമാഹരിച്ച 3000 രൂപ കൊണ്ടാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.  മഹാകവി ജി ശങ്കരക്കുറുപ്പാണ് പുതിയ കെട്ടിടത്തിൽ ടാഗോർ ലൈബ്രറി ആൻഡ്‌ റീഡിങ്‌ റൂമിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ആ കെട്ടിടത്തിലാണ് ലൈബ്രറി ഇപ്പോഴും പ്രവർത്തിക്കുന്നത്.

1100 ലേറെ അംഗങ്ങളുള്ള പുസ്‌തകശാലയിൽ വിവിധ വിഭാഗങ്ങളിലായി ഏതാണ്ട്‌ 25,000 പുസ്തകങ്ങളുണ്ട്‌. കുട്ടികളുടെ വിഭാഗത്തിൽ മാത്രം 3000ൽ അധികം പുസ്തകങ്ങളുണ്ട്. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്ദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന പുസ്തകങ്ങൾ ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി സി എസ് ജോസഫും പ്രസിഡന്റ്‌ വി യു ചന്ദ്രശേഖരൻപിള്ളയും പറഞ്ഞു. ചർച്ചകൾ, സാഹിത്യ സദസ്സ്, മത്സരങ്ങൾ, ശാസ്ത്ര-ചരിത്ര പഠന ക്ലാസുകൾ, വനിതാ ശാക്തീകരണ പരിപാടികൾ, വനിതാ തൊഴിൽ പരിശീലനം, മാതൃഭാഷാ പഠനം, വിജ്ഞാന സദസ്സുകൾ എന്നിവയും നടത്താറുണ്ട്. കെ ജെ മാക്സി എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച തുക ഉപയോഗിച്ച്‌  ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലൈബ്രറി പ്രവർത്തകർ.


പ്രധാന വാർത്തകൾ
 Top