19 September Thursday
- 37 രാജ്യങ്ങളുടെ സ്ഥാനപതിമാർ സിയാലിൽ

ആഗോള സൗരോർജ കണ്‍സള്‍ട്ടന്‍സിക്ക് സന്നദ്ധം: സിയാല്‍

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൗരോർജ പ്ലാന്റ്‌ സന്ദർശിക്കാനെത്തിയ ബറുണ്ടി സ്ഥാനപതി സ്‌റ്റെല്ല ബുദിരി ഗന്യയ്‌ക്ക്‌ സിയാൽ എംഡി വി ജെ കുര്യൻ പ്ലാന്റിൽ കൃഷി ചെയ്‌ത വെള്ളരിക്ക നൽകുന്നു

നെടുമ്പാശേരി
ഇന്റർനാഷണൽ സോളാർ അലയൻസിന്റെ  (ഐഎസ‌്എ)  ആഭിമുഖ്യത്തിൽ 37 രാജ്യങ്ങളുടെ സ്ഥാനപതിമാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോർജ പ്ലാന്റ് സന്ദർശിച്ചു. ഐഎസ്എയുടെ മാർഗനിർദേശങ്ങൾ പാലിച്ച് ആഗോളതലത്തിൽ സൗരോർജ കൺസൾട്ടൻസിക്ക് തയ്യാറാണെന്ന് സിയാൽ അധികൃതർ പ്രതിനിധി സംഘത്തെ അറിയിച്ചു.

ഫോസിൽ ഇന്ധനങ്ങളോടുള്ള  ആശ്രയത്വം കുറയ്ക്കാനുള്ള സംരംഭങ്ങൾക്കായി  പ്രവർത്തിക്കുന്ന 74 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഐഎസ്എ.
വൻതോതിൽ ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങൾക്കും  പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ ആശ്രയിക്കാമെന്ന് സിയാൽ തെളിയിച്ചതായി വിദേശപ്രതിനിധികൾ വ്യക്തമാക്കി. സിയാലിന്റെ സൗരോർജ മാതൃക പിന്തുടരാൻ പ്രതിനിധികൾ താൽപ്പര്യം  കാട്ടി.ഈ വർഷം ഒക്ടോബറോടെ ഐഎസ‌്എ അംഗസംഖ്യ 100 ആകുമെന്ന് സിയാൽ സന്ദർശനത്തിനുശേഷം നടന്ന യോഗത്തിൽ സംസാരിച്ച ഐഎസ്എ ഡയറക്ടർ ജനറൽ ഉപേന്ദ്ര ത്രിപാഠി പറഞ്ഞു.

പാരമ്പര്യേതര ഊർജ രംഗത്തെ സിയാലിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലെ 50ൽ അധികം വിമാനത്താവളങ്ങളിൽ സോളാർ പദ്ധതി നടപ്പാക്കും. നിലവിൽ മൂന്ന് ശതമാനം മാത്രം സോളാർ വൈദ്യുതി ഉപയോഗിക്കുന്ന വിയറ്റ്നാമിൽ 20 വിമാനത്താവളങ്ങളിൽ സിയാൽ മാതൃകയിൽ സൗരോർജ പദ്ധതി നടപ്പാക്കും. ഇതിനായി ഈ വിമാനത്താവളങ്ങളിലെ മാനേജിങ‌് ഡയറക്ടർമാർ സിയാൽ സന്ദർശിക്കുമെന്ന് വിയറ്റ്നാം സ്ഥാനപതി പറഞ്ഞു. 
ഫ്രാൻസ്, ഈജിപ്ത്, ബ്രസീൽ, ചിലി തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാരും സംഘത്തിലുണ്ടായിരുന്നു. നിലവിൽ സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. പ്രതിദിനം 1.63 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവയിൽനിന്ന് ലഭിക്കുന്നു. വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപയോഗം 1.53 ലക്ഷം യൂണിറ്റാണ്.


പ്രധാന വാർത്തകൾ
 Top