28 May Thursday

കരുതലായി പൊലീസും അഗ്നിശമനസേനയും

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കച്ചേരിപ്പടി ജങ്‌ഷനിൽ തളർന്നുവീണ വയോധികനെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നു


കൊച്ചി
കോവിഡ്‌–-19 പ്രതിരോധിക്കാൻ പഴുതടച്ച സന്നാഹങ്ങളുമായി സിറ്റി പൊലീസ്‌. റെയിൽവേ സ്‌റ്റേഷനുകളും പ്രധാന കവലകളും ശുചീകരിച്ച്‌ അഗ്നിശമനസേനയും പ്രതിരോധമൊരുക്കി. സർക്കാർ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്‌റ്റാൻഡുകളിലും പൊലീസ്‌ പട്രോളിങ്‌ നടത്തി. സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിലെത്തിയ 120 യാത്രക്കാരെ എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചു. ഇവരെ കൂടുതൽ പരിശോധനകൾക്കായി വിവിധ ഗവ. ആശുപത്രികളിലേക്ക്‌ മാറ്റി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോയെന്ന്‌ പ്രത്യേകം പരിശോധിച്ചു. നഗരത്തിലെ എല്ലാ റോഡുകളിലും പൊലീസ്‌ സേനയുടെ സാന്നിധ്യമുണ്ടായിരുന്നു. കച്ചേരിപ്പടിയിൽ ദേഹാസ്വാസ്ഥ്യംമൂലം വീണ കുറ്റിച്ചിറ സ്വദേശി അഗസ്‌റ്റിനെ സെൻട്രൽ പൊലീസെത്തി ജനറൽ ആശുപത്രിയിലാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ വൈറ്റില മൊബിലിറ്റി ഹബ്‌, സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌, കലൂർ പ്രൈവറ്റ്‌ ബസ്‌സ്‌റ്റാൻഡ്‌, ഇൻഡോർ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ജില്ലാ ഫയർ ഓഫീസർ എ എസ്‌ ജോജിയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ, ക്ലബ്‌ റോഡ്‌ എന്നിവിടങ്ങളിലെ സേനാംഗങ്ങളാണ്‌ ശുചീകരണത്തിനിറങ്ങിയത്‌. ഞായറാഴ്‌ച കർഫ്യൂ ദിനത്തിൽ അഗ്നിരക്ഷാസേനാ ഓഫീസുകളും ശുചീകരിച്ചു. പനമ്പിള്ളിനഗറിൽ റോഡിലേക്ക്‌ വീണ ബൈക്ക് യാത്രികനെ സേന ആശുപത്രിയിലെത്തിച്ചു.


പ്രധാന വാർത്തകൾ
 Top