28 November Saturday

‘ഇവിടെ എത്തിയതുകൊണ്ട്‌ ജീവിതം തിരിച്ചുകിട്ടി’ ; അമ്മയെ ജീവനോടെ തിരിച്ചുതന്നത് ഈ മെഡിക്കൽ കോളേജാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


കൊച്ചി
‘‘കടുത്ത പ്രമേഹവും രക്താതിസമ്മർദവും... കൂടാതെ തൈറോയ്‌ഡ്‌ പ്രശ്‌നവും...  84–-ാം വയസ്സിൽ രോഗങ്ങൾ അലട്ടിയിരുന്ന അമ്മയെ ജീവനോടെ തിരിച്ചുതന്നത് ഈ മെഡിക്കൽ കോളേജാണ്‌. ഇവിടത്തെ ഡോക്ടർമാരുടെയും  ജീവനക്കാരുടെയും ശ്രദ്ധയും പരിചരണവുമാണ്‌ ഞങ്ങളുടെ അമ്മയെ രക്ഷിച്ചത്‌’’- –- എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ ഉയരുന്ന ആരോപണങ്ങൾ അവിശ്വസനീയമാണെന്ന്  സാക്ഷ്യപ്പെടുത്തുകയാണ്‌  ഇവിടെ ചികിത്സിച്ച്‌ കോവിഡ്‌ മുക്തയായ ഭവാനിയമ്മയുടെ മകൾ ഷീജ. 

കടുത്ത പനിയും ശ്വാസതടസ്സവുമായി അബോധാവസ്ഥയിലാണ് ഭവാനിയമ്മയെ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.  തൃശൂർ കാട്ടൂർ സ്വദേശിയായ  മകൾ ഷീജയ്ക്കും ഭർത്താവ് രവികുമാറിനും ഒപ്പം മുംബൈയിൽനിന്ന് ആദ്യ സ്പെഷ്യൽ ട്രെയിനിലാണ് ഭവാനിയമ്മ കൊച്ചിയിൽ എത്തിയത്.  വെന്റിലേറ്ററിലായ ഭവാനിയമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകിയത്. സ്നേഹപൂർവവും ശ്രദ്ധയോടെയുമായിരുന്നു എല്ലാവരുടെയും ഇടപെടൽ. പ്ലാസ്മ ചികിത്സയെക്കുറിച്ചും അതിന്റെ ചെലവിനെക്കുറിച്ചും ഡോക്ടർമാർ പറഞ്ഞ് മനസിലാക്കി. 32,000 രൂപ മരുന്നിന് ചെലവായി. പക്ഷേ,  അത് പിന്നീട് തിരിച്ചുനൽകി. ഇതിനിടെ, ഷീജയ്‌ക്കും ഭർത്താവ്‌ രവികുമാറിനും കോവിഡ് സ്ഥിരീകരിച്ചു. രവികുമാർ 12 ദിവസം ഐസിയുവിലായിരുന്നു.

ജൂൺ 20ന് ഡിസ്ചാർജ് ചെയ്ത ഭവാനിയമ്മയും കുടുംബവും തൃശൂർ കാട്ടൂരിലെ വീട്ടിൽ സുഖമായിരിക്കുന്നു. ഒരുരൂപപോലും വാങ്ങാതെ ഇത്രയും നല്ല ചികിത്സ ലഭ്യമാക്കിയ സർക്കാരിനോടും ഡോക്ടർമാരോടും ജീവനക്കാരോടും നന്ദി ഉണ്ടെന്നും ഷീജയും കുടുംബവും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top