24 October Thursday

വിൽപ്പനയ്‌ക്കെത്തിച്ച പഴകിയ മത്സ്യം നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


കൂത്താട്ടുകുളം
വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗം  ജീവനക്കാർ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂത്താട്ടുകുളം ചന്തയ്ക്ക് സമീപമുള്ള വ്യക്തിയുടെ പറമ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന പഴകിയതും ചീഞ്ഞ് തുടങ്ങിയതുമായ ഏഴ്‌ പെട്ടി  മത്സ്യമാണ് നഗരസഭാ അധികൃതർ വെള്ളിയാഴ്ച രാത്രി കണ്ടെത്തിയത്. പരിശോധനയിൽ പഴകിയതും ഉപയോഗിക്കാൻ കൊള്ളാത്തതുമായ മീനാണ് എന്ന്‌ തെളിഞ്ഞതിനാൽ ജെസിബി ഉപയോഗിച്ച് ആ പറമ്പിൽത്തന്നെ അവ കുഴിച്ചുമൂടി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ താൽക്കാലികമായി നിർമിച്ചിരുന്ന ഷെഡ് പൊളിച്ചുകളഞ്ഞു.

നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സണ്ണി കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ ഡി ആർ ബിജു  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ചതായും ഇവ രാസപരിശോധനയ്‌ക്ക് അയച്ച് ഫലം ലഭിക്കുന്ന മുറയ്ക്ക് അനന്തര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

പഴകിയ മത്സ്യം കുറഞ്ഞ വിലയ്ക്ക് നൽകി ജനങ്ങളെ കബളിപ്പിക്കുന്നതായി പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് വ്യാപാരി വ്യവസായ സമിതി പരാതി നൽകുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തു. ഇത്തരത്തിൽ നിലവാരമില്ലാത്ത സാധനങ്ങളുടെ കച്ചവടം നഗരത്തിൽ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാത്രി വൈകി നടന്ന പരിശോധനയ്ക്ക് പിന്തുണ നൽകി വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി റോബിൻ വൻനിലം, ഭാരവാഹികളായ ബസന്ത് മാത്യു, പി പി ജോണി, സന്തോഷ് കുരുവിള തുടങ്ങിയവരും നാട്ടുകാരും സ്ഥലത്ത്‌ എത്തിയിരുന്നു.
 


പ്രധാന വാർത്തകൾ
 Top